Connect with us

Articles

ഈ മതില്‍ വിഭാഗീയത സൃഷ്ടിക്കും

Published

|

Last Updated

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് സി പി എം തീര്‍ക്കാന്‍ പോകുന്ന വനിതാ മതില്‍ അപകടകരമായ ഒരു രാഷ്ട്രീയക്കളിയാണ്. ഒരു വിഭാഗം സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ അഭ്യാസം സമൂഹത്തില്‍ ആഴത്തിലുള്ള വിഭാഗീയതയും സാമുദായിക സ്പര്‍ധയുമാണ് സൃഷ്ടിക്കുന്നത്.

വനിതകളെ മാത്രം ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ മതില്‍ എന്തിന് വേണ്ടിയാണെന്ന ലളിതമായ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നില്ല. നവോത്ഥാന മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന മറുപടി. സ്ത്രീശാക്തീകരണത്തിനാണെന്നാണ് ഹൈക്കോടതി സത്യവാങ്മൂലത്തില്‍ പറയുന്നത്. ശബരിമല വിഷയവുമായി ഈ മതിലിന് യാതൊരു ബന്ധവുമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും ആവര്‍ത്തിച്ചു ആണയിടുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാ മതില്‍ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ജനങ്ങളെ ഇങ്ങനെ അണിനിരത്തിയുള്ള ഒരു സംരംഭം എന്തിന് വേണ്ടിയാണെന്ന് പറയാന്‍ പോലും കഴിയാതെ കള്ളക്കളി കളിക്കുന്നത് എന്തു കൊണ്ടാണ്? നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ സ്ത്രീകള്‍ മാത്രം മതില്‍ കെട്ടിയാല്‍ പോരല്ലോ? പുരുഷന്മരാരും വേണം. അപ്പോള്‍ അതല്ല പ്രശ്‌നം. ശബരിമലയിലെ യുവതീ പ്രവേശനമാണ് യഥാഥ പ്രശ്‌നമെന്ന് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. പക്ഷേ, അത് തുറന്ന് പറയാന്‍ തന്റേടമില്ല. തുറന്ന് പറഞ്ഞാല്‍ കൂടെ നില്‍ക്കുന്നവര്‍ പിണങ്ങും.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വനിതാ മതിലിന് വേണ്ടി ഒരു പൈസ ചിലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവര്‍ത്തിച്ച് പറയുന്നതെങ്കിലും സര്‍ക്കാര്‍ പണം യഥേഷ്ടം ധൂര്‍ത്തടിച്ചാണ് മതില്‍ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ധനകാര്യ വകുപ്പ് മതിലിന് പണം നല്‍കണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി ഭേദഗതി ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന്റെ പണം മതിലിന് ചിലവഴിക്കും എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

ആര്‍ എസ് എസിന്റെ ഹിന്ദു അജന്‍ഡയെ നേരിടാനെന്ന നാട്യത്തില്‍ ഹൈന്ദവ വര്‍ഗീയതയെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന തന്ത്രമാണ് സി പി എം അടുത്തകാലത്തായി നടപ്പിലാക്കുന്നത്. വനിതാ മതിലും ഈ തന്ത്രത്തിന്റെ ആവിഷ്‌കാരമാണ്. സി പി എം ഒരിക്കല്‍ തള്ളിക്കളഞ്ഞ സ്വത്വരാഷ്ട്രീയമാണ് ഇവിടെ പിണറായി പരീക്ഷിക്കുന്നത്. കെ ഇ എന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ള സി പി എം സഹയാത്രികള്‍ സ്വത്വ- ജാതി രാഷ്ട്രീയത്തിന് വേണ്ടി വാദിച്ചപ്പോള്‍ അന്നത്തെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കമ്യുണിസ്റ്റ് വിരുദ്ധമെന്ന് പറഞ്ഞാണ് അതിനെ പൂര്‍ണമായും തള്ളിയത്. തൊഴിലാളി വര്‍ഗം ജാതിയമായല്ല വര്‍ഗപരമായി സംഘടിക്കണമെന്നാണ് മാര്‍ക്‌സിസം- ലെനിനിസം നിഷ്‌കര്‍ഷിക്കുന്നത്. ജാതിയമായ സംഘാടനം കമ്യുണിസ്റ്റ് മൂല്യങ്ങളുടെ സമ്പൂര്‍ണ നിരാസമാണ്. എന്നാല്‍, ഇവിടെ ആ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി ജനങ്ങളെ ജാതിയമായും വര്‍ഗീയമായും വിഭജിച്ച് അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പും ജാതി മതാടിസ്ഥാനത്തില്‍ നേതാക്കന്‍മാരെ പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സി പി എമ്മിന് പങ്കൊന്നുമില്ല. വൈക്കം സത്യാഗ്രഹമായാലും ഗുരുവായൂര്‍ സത്യാഗ്രഹമായലും അവ കോണ്‍ഗ്രസിന്റെ പരിപാടികളായിരുന്നു. അവയില്‍ സി പി എം ഊറ്റം കൊള്ളുന്നതെങ്ങനെ?

ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്തു ചാട്ടവും പിടിവാശിയും ആണ്. അതിന്റെ പിന്നിലാകട്ടെ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വരുന്നതിന് മുമ്പ് അത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ അദ്ദേഹം തുടങ്ങിയത് ഈ രാഷ്ട്രീയ ലക്ഷ്യം കാരണമാണ്. ശബരിമലയുമായി ബന്ധപ്പെട്ടവരുമായോ പ്രതിപക്ഷവുമായോ ചര്‍ച്ച നടത്താന്‍ പോലും അദ്ദേഹം തയ്യാറാവാതിരുന്നതിന് കാരണവുമതാണ്. സ്വന്തം മുന്നണിയിലോ മന്ത്രിസഭയില്‍ പോലുമോ ചര്‍ച്ച നടത്തിയില്ല. ആ എടുത്തു ചാട്ടത്തിന് വലിയ വിലയാണ് കേരളം നല്‍കേണ്ടി വന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാത്ത ആളല്ല മുഖ്യമന്ത്രി. പക്ഷേ, അദ്ദേഹത്തെ ആകര്‍ഷിച്ചത് വര്‍ഗീയ വാദികള്‍ ഇതില്‍ നിന്ന് എന്തുമാത്രം മുതലെടുപ്പ് നടത്തി വളരുമെന്നതും അത് വഴി ജനാധിപത്യ ശക്തികളെ എത്രമാത്രം തളര്‍ത്താമെന്നുതുമാണ്. നാട്ടില്‍ അസ്വസ്ഥത ഉണ്ടാവുന്നതോ കലാപത്തിന് വഴി തുറക്കുന്നതോ പ്രശ്‌നമായിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ വളഞ്ഞ വഴിക്ക് വിജയം നേടുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.

തുലാമാസ, പൂജകള്‍ക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമല നട തുറന്നപ്പോള്‍ സംഘപരിവാറുകാര്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും അഴിഞ്ഞാടാന്‍ സന്നിധാനത്ത് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തു കൊടുത്തു. അങ്ങനെ അവര്‍ക്ക് ശക്തിപ്രാപിക്കാനുള്ള അടിത്തറ കെട്ടിക്കൊടുത്ത ശേഷമാണ് മണ്ഡല കാലത്ത് നടതുറന്നപ്പോള്‍ സന്നിധാനം പൊലീസിനെക്കൊണ്ട് നിറച്ചത്. തുടര്‍ന്നാകട്ടെ ശബരിമലയില്‍ പൊലീസ് രാജാണ് നടപ്പാക്കിയത്.

ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭക്തജനങ്ങളുടെ വരവ് കുത്തനെ ഇടിച്ചു. ശബരിമല ഒരു വിധം ശാന്തമാവുകയും അയ്യപ്പഭക്തരുടെ വരവ് കൂടുകയും ചെയ്യുന്നതിനിയടില്‍ മണ്ഡലപൂജക്ക് ഏതാനും ദിവസം മാത്രം ശേഷിക്കേ അവിടത്തെ അന്തരീക്ഷം വീണ്ടും കലുഷിതമാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നു. മനിതി സംഘത്തിന്റെ വരവിന് പിന്നില്‍ സര്‍ക്കാരിന്റെ അറിവും ആസൂത്രണവുമുണ്ടായിരുന്നെന്നാണ് ഇതിനകം പുറത്ത് വന്ന വിവരം. രഹസ്യ വഴികളിലൂടെ അവരെ എത്തിച്ച ശേഷം പ്രതിഷേധക്കാരുടെ നടുവിലേക്ക് അവരെ ഇറക്കിവിടുകയായിരുന്നു. അയ്യപ്പ ഭക്തന്മാര്‍ തിങ്ങിനിറഞ്ഞ ശബരിമലയില്‍ അത്യന്തം സ്‌ഫോടനാത്മകമായ രംഗങ്ങളാണ് ഇത് സൃഷ്ടിച്ചത്. പിറ്റേന്നും ഇത് തന്നെ ആവര്‍ത്തിച്ചു. യുവതികളെ പൊലീസ സന്നാഹത്തോടെ മലകയറ്റുകയും വഴിയില്‍ വെച്ച് തിരിച്ചിറക്കുകയും ചെയ്യുന്ന നാറാണത്ത് ഭ്രാന്തന്‍ പണി സര്‍ക്കാര്‍ ചെയ്യുന്നതിന് പിന്നിലും സംഘപരിവാറിനെ ശക്തിപ്പെടുത്തി നിര്‍ത്തുക എന്ന അജണ്ടയുണ്ട്.

ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്. അത് മറച്ച് വയക്കുന്നതിന് വേണ്ടിയാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദുരുപയോഗപ്പെടുത്തിയും വികൃതമാക്കിയുമുള്ള വനിതാ മതില്‍ നിര്‍മാണം. ഇത് നമ്മുടെ സമൂഹത്തില്‍ വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കും.

---- facebook comment plugin here -----

Latest