Connect with us

National

15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ ഒരു മുസ്‌ലിം മന്ത്രി

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വികസിപ്പിച്ചു. 26 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭാ വിപുലീകരണം. 15 വര്‍ഷത്തിന് ശേഷം മുസ്‌ലിം ആയ ഒരാള്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചു. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ച ആരിഫ് അഖീലാണ് മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയില്‍ ഒരു മുസ്‌ലിം മന്ത്രി പോലും ഉണ്ടായിരുന്നില്ല.

സംസ്ഥാനത്തിന്റെ എല്ലാ മേഖലക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കിയാണ് മന്ത്രിസഭ രൂപവത്കരിച്ചിരിക്കുന്നത്. മാള്‍വ- നിവാഡ് മേഖലയില്‍ നിന്ന് ഒമ്പത് പേര്‍ മന്ത്രിമാരായി. മധ്യപ്രദേശില്‍ നിന്ന് ആറ് പേരും ഗ്വാളിയോര്‍- ചംബല്‍ മേഖലയില്‍ നിന്ന് അഞ്ച് പേരും ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്ന് പേരും മന്ത്രിസഭയില്‍ എത്തി.

മന്ത്രിസഭയില്‍ പതിനൊന്ന് പേര്‍ മുഖ്യമന്ത്രി കമല്‍നാഥുമായി അടുപ്പമുള്ളവരും ഒമ്പത് പേര്‍ മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ അനുയായികളും ഏഴ് പേര്‍ ജോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ളവരുമാണ്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.