Connect with us

National

ബാബരി കേസില്‍ സുപ്രീം കോടതിയെ സമ്മര്‍ദത്തിലാക്കാന്‍ കേന്ദ്രം; വേഗത്തില്‍ പരിഗണിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി കേസില്‍ സമ്മര്‍ദം ശക്തമാക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ശബരിമല വിധി വേഗം തീര്‍പ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നു എന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. കേസില്‍ വേഗത്തില്‍ വിധി വരാന്‍ വേണ്ടി, ഭൂമി തര്‍ക്ക കേസിലെ വാദം എല്ലാ ദിവസവും തുടര്‍ച്ചയായി കേള്‍ക്കണമെന്ന് നേരത്തെ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ആവശ്യപ്പെട്ടിരുന്നു.

രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതികരിച്ചു. ബാബരി കേസില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതിയില്‍ നിലവിലുള്ള കേസില്‍ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമെന്നും ബോര്‍ഡ് സൂചിപ്പിച്ചു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി അടുത്ത മാസം നാലിന് പരിഗണിക്കാനിരിക്കെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുക. അലഹാബദ് ഹൈക്കോടതി വിധിക്കെതിരെ കക്ഷികള്‍ നല്‍കിയ ഹരജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ “ഭൂമി കേസിലെ കക്ഷികളായ മൂന്ന് വിഭാഗങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ കേസിലെ കക്ഷികളായ സുന്നി വഖ്ഫ് ബോര്‍ഡ്, രാമലല്ല, നിര്‍മോഹി അഖാര എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ അടുത്ത മാസം ആദ്യ ആഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ പള്ളി ആവശ്യമില്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി വിധി പുനഃപരിശോധിക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നംഗ ബഞ്ച് ഒരു ന്യായാധിപന്റെ വിയോജനത്തോടെ തള്ളിയിരുന്നു. ബാബരി ഭൂമി തര്‍ക്കകേസില്‍ ഇസ്മാഈല്‍ ഫാറൂഖി വിധി ബാധിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്.

കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് തള്ളിയിരുന്നു. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.