സുഖമായി ഉറങ്ങാൻ ചില പൊടിക്കൈകൾ

Posted on: December 24, 2018 10:43 pm | Last updated: December 24, 2018 at 10:51 pm

കല്‍സമയങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു ശാരീരികവും മാനസികവുമായി ക്ഷീണിക്കുന്ന മനുഷ്യന് അടുത്ത ദിവസത്തേക്ക് ഊര്‍ജ്ജം നല്‍കുന്നതിനുള്ള സമഗ്ര വിശ്രമവേളയാണ് ഉറക്കം. നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉറക്കം നഷ്ടപ്പെടുന്നത് പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് കണക്ക്. എല്ലാ ദിവസവും കൃത്യസമയത്തുതന്നെ ഉറങ്ങുന്നതും കൃത്യസമയത്ത് എഴുന്നേല്‍ക്കുന്നതും ഉറക്കത്തിന്റെ താളം നിലനിര്‍ത്താന്‍ സഹായിക്കും.

സുഖനിദ്ര ലഭിക്കാൻ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ഉറങ്ങുന്നതിന് മുമ്പ് ചെറിയ ചൂടുവെള്ളത്തിലുള്ള കുളി ഉറക്കം വരാന്‍ സഹായിക്കും.
  • വിശദമായ പഠനങ്ങളും ഗൗരവമേറിയ മറ്റുകാര്യങ്ങളും ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും അവസാനിപ്പിക്കുക.
  • ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ടെലിവിഷന്‍ പരിപാടികള്‍ കാണുന്നത് ഒഴിവാക്കുക.
  • ഉറങ്ങുന്നതിന് മുമ്പ് കാപ്പി ചായ മുതലായവ ഉപയോഗിക്കാതിരിക്കുക. ഇവയെല്ലാം ഉണര്‍ന്നിരിക്കാന്‍ പ്രചോദനം നല്‍കുന്നവയാണ്.
  • ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുമ്പ് ചെറുതായി നടക്കുന്നതും അല്പസമയം ശ്വാസം നീട്ടി വലിക്കുന്നതും നല്ലതാണ്.
  • കിടപ്പുമുറി ആകര്‍ഷകവും വൃത്തിയുള്ളതും ആയിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഉറങ്ങുന്ന മുറിയുടെ ജനാലകള്‍ തുറന്നിടുന്നതാണ് നല്ലത്. ഇത് വായുസഞ്ചാരം കിട്ടുന്നതിനു സഹായിക്കും.
  • അധികം ഉയരമില്ലാത്ത തലയണ ഉപയോഗിക്കുക.
  • തല പുതച്ചുമൂടി കിടക്കരുത്. അത് ശ്വസിക്കുന്ന വായുവിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കും.