തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ മനിതി സംഘത്തിനുനേരെ ബിജെപിയുടെ പ്രതിഷേധം; ട്രെയിന്‍ തടയാന്‍ ശ്രമം

Posted on: December 24, 2018 12:26 pm | Last updated: December 24, 2018 at 4:44 pm

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ മനിതി സംഘത്തിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടേയും ബിജെപി പ്രവര്‍ത്തകരുടേയും പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടറിയേറ്റില്‍വെച്ച് കാണാനാണ് മനിതി സംഘത്തിലെ മൂന്ന് പേര്‍ തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ കൂടിക്കാഴ്ചക്ക് മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാലും മുഖ്യമന്ത്രി തിരക്കിലായതിനാലും കൂടിക്കാഴ്ച സാധ്യമല്ലെന്ന് പോലീസ് ഇവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായി പോലീസ് സംരക്ഷണയില്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിക്കുകയും തിരിച്ചിറപ്പള്ളിയിലേക്കുള്ള ട്രെയിനില്‍ കയറ്റിവിടുകയും ചെയ്തത്. ഇതിനിടെയാണ് യുവമോര്‍ച്ചയുടേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി എത്തിയത്.

മൂന്നംഗ മനിതി സംഘം ശബരിമല ദര്‍ശനത്തിനെത്തിയതല്ലെന്നും മുഖ്യമന്ത്രിയെ കാണാനെത്തിയതാണെന്നും പറഞ്ഞിട്ടും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയില്ല. ഇവരില്‍ ചിലര്‍ മനിതി സംഘം കയറിയ ബോഗിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. മൂന്നംഗം സംഘത്തെ ട്രെയിനില്‍നിന്നും ഇറക്കിവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങവെ പ്രതിഷേധക്കാരിലൊരാള്‍ പാളത്തിലിറങ്ങിയെങ്കിലും പോലീസ് ഇടപെട്ട് ഇയാളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറ്റുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ കടന്നുപോയ ശേഷം പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി സ്റ്റേഷന്‍ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിക്കുകയാണ്.ശബരിമല സന്ദര്‍ശനത്തിനെത്തിയ മനിതിയിലെ മൂന്ന് സംഘങ്ങള്‍ ഇന്നലെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിയിരുന്നു