Connect with us

International

മെക്‌സിക്കന്‍ മതില്‍ ബില്ല് പാസ്സായില്ല; അമേരിക്കയില്‍ സാമ്പത്തിക സ്തംഭനം

Published

|

Last Updated

വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ 500 കോടി ആവശ്യപ്പെടുന്ന ബില്ലിന് സെനറ്റില്‍ അംഗീകാരം ലഭിക്കാതെ വന്നതോടെ അമേരിക്കയില്‍ ഭാഗിക ഭരണ, സാമ്പത്തിക സ്തംഭനം. ട്രഷറി അടച്ചിടല്‍ ഫെഡറല്‍ ഉദ്യോഗസ്ഥരുടെ ശമ്പള വിതരണത്തെ ബാധിക്കും. കുടിയേറ്റം തടയുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവിഷ്‌കരിച്ച മെക്‌സിക്കന്‍ മതില്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി തേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൊണ്ടുവന്ന ബില്ലിനെ ഡെമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ബില്ല് പരാജയപ്പെടുകയായിരുന്നു.

100 അംഗ സെനറ്റില്‍ 51 അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ബില്‍ പാസ്സാകാന്‍ 60 വോട്ടുകള്‍ വേണം. ഡെമോക്രാറ്റ് അംഗങ്ങള്‍ ബില്ലിനെ പിന്തുണക്കാതെ വന്നതോടെ ന്യൂക്ലിയര്‍ ഓപ്ഷന്‍ നടപ്പാക്കണമെന്ന് ട്രംപ് സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. 60 വോട്ടുകള്‍ക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബില്‍ പാസ്സാക്കാന്‍ അനുവദിക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്‍. പക്ഷേ ഇതും വിജയിച്ചില്ല.
ഈ സാഹചര്യത്തില്‍ മറ്റ് ഫണ്ട് അനുവദിക്കലുകളും നിലക്കുകയായിരുന്നു. ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതം നല്‍കുന്നത് നിലച്ചു. ഓഫീസുകളും ദേശീയ ഉദ്യാനങ്ങളും അടച്ചിടും.

ക്രിസ്മസ് അവധി തുടങ്ങാനിരിക്കെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാഷനല്‍ പാര്‍ക്കുകളിലെ 80 ശതമാനം ജീവനക്കാര്‍ക്കും താത്കാലികമായി ജോലി മുടങ്ങും. ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ 90 ശതമാനം ജീവനക്കാരും ശമ്പളമില്ലാ അവധിയില്‍ പ്രവേശിക്കേണ്ടിവരും. നാസയിലും പ്രതിസന്ധിയുണ്ടാകും. അതേസമയം, പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കാണെന്ന നിലപാടിലാണ് പ്രസിഡന്റ് ട്രംപ്. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നയം ഉപേക്ഷിക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറാകണമെന്ന് വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ കുടുസ്സായ കുടിയേറ്റവിരുദ്ധതയുടെ ഭാഗമാണ് മതിലെന്ന വിമര്‍ശം ശക്തമാണ്. എന്നാല്‍, അമേരിക്കയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുന്ന കുടിയേറ്റം നിയന്ത്രിക്കേണ്ടതുണ്ടെന്ന വാദഗതി മുന്നോട്ട് വെക്കുന്നവരും നിരവധിയാണ്. മെക്‌സിക്കന്‍ മതിലിനെ ചൊല്ലി രാജ്യം രണ്ടായി പിളര്‍ന്ന നിലയാണുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ മെക്‌സിക്കന്‍ ബില്‍ നേരത്തെ തന്നെ പാസ്സാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ ജനുവരിയിലേ ഈ സഭ നിലവില്‍ വരൂ. ഇതോടെ ബില്‍ പാസ്സാക്കിയെടുക്കുക കൂടുതല്‍ ദുഷ്‌കരമാകും.
വൈസ് പ്രസിഡന്റ് മൈക് പെന്‍സും ട്രംപിന്റെ മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജെയേര്‍ഡ് കുഷ്‌നറും വൈറ്റ്ഹൗസ് ബജറ്റ് മേധാവി മൈക് മുല്‍വാനിയും ഡെമോക്രാറ്റുകളുമായി ദീര്‍ഘമായി സംസാരിച്ചെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. 2018ല്‍ ഇത് മൂന്നാം തവണയാണ് അടച്ചിടല്‍ സംഭവിക്കുന്നത്.

Latest