Connect with us

National

പാര്‍ട്ടി പ്രമേയത്തെ പിന്തുണച്ചില്ല; അല്‍ക്ക ലാംബയുടെ രാജി ആവശ്യപ്പെട്ട് കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്ത അല്‍ക്ക ലാംബ എംഎല്‍എയോടെ പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് പുറത്തുപോകാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരത രത്‌ന ബഹുമതി തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ പിന്തുണക്കാത്തതിനാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ താന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച അല്‍ക്ക ലാംബ ഉടന്‍ രാജിക്കത്ത് നല്‍കുമെന്നും വ്യക്തമാക്കി. സിഖ് വിരുദ്ധ കലാപം തടയുന്നതില്‍ രാജീവ് ഗാന്ധി പരാജയപ്പെട്ടതിനാല്‍ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന പ്രമേയം വെള്ളിയാഴ്ചയാണ് ഡല്‍ഹി നിയമസഭ പാസാക്കിയത്. പ്രമേയം പാസാക്കിയ യോഗത്തില്‍നിന്നും അല്‍ക്ക ലാംബ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. പ്രമേയത്തെ പിന്താങ്ങാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നു. പ്രമേയത്തെ എതിര്‍ത്തതിന്റെ പേരില്‍ എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണെന്ന് അല്‍ക്ക ലാംബ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അല്‍ക്ക ലാംബ 2014ലാണ് കോണ്‍ഗ്രസ് വിട്ട് എഎപിയിലെത്തുന്നത്. നിലവില്‍ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ എംഎല്‍എയാണ്.

Latest