മോദിയെ പോലെ മാധ്യമങ്ങളെ ഭയന്ന പ്രധാന മന്ത്രിയായിരുന്നില്ല താനെന്ന് മന്‍മോഹന്‍ സിംഗ്

Posted on: December 19, 2018 1:33 pm | Last updated: December 19, 2018 at 4:45 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നതിനെതിരെ വിമര്‍ശനമുയര്‍ത്തി മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. ചേയ്ഞ്ചിംഗ് ഇന്ത്യ എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താന്‍ സംസാരിക്കാത്ത പ്രധാന മന്ത്രിയാണെന്ന് ജനങ്ങള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വരാന്‍ ഭയപ്പെട്ടിരുന്ന ആളല്ല. നിരന്തരം വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. വിദേശ പര്യടനങ്ങള്‍ക്കു പോകുമ്പോഴും മടങ്ങിയെത്തുമ്പോഴും വാര്‍ത്താ സമ്മേളനം വിളിക്കാറുണ്ടായിരുന്നു. അതേസമയം, മോദി അധികാരത്തില്‍ വന്നതിനു ശേഷം ഇതേവരെ ഒരു വാര്‍ത്താ സമ്മേളനം പോലും വിളിച്ചിട്ടില്ല. മന്‍മോഹന്‍ സിംഗ് പറഞ്ഞു.

റഫാല്‍ ഉള്‍പ്പടെ വിവാദ വിഷയങ്ങള്‍ ഉയര്‍ന്നിട്ടും മോദി വാര്‍ത്താ സമ്മേളനം വിളിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രധാന മന്ത്രിയുടെ നിലപാടിനെതിരെ കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തു വന്നിരുന്നു.