ഇലക്ടറല്‍ ബോണ്ടും ചങ്ങാത്ത മുതലാളിത്തവും

എന്താണ് ഇലക്ടറല്‍ ബോണ്ടെന്ന കാര്യം മനസ്സിലാക്കുമ്പോഴാണ് രാജ്യത്തെ വിഴുങ്ങുന്ന കോര്‍പറേറ്റ് കമ്പനികളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ നിയമവത്കരിക്കാനുള്ള നീക്കത്തിന്റെ അപകടം ബോധ്യമാകൂ. ആരാണ് പണം നല്‍കുന്നതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് ഇലക്ടറല്‍ ബോണ്ട് വഴി ഒരുക്കപ്പെടുന്നത്. ബോണ്ടുകള്‍ ആരാണ് നല്‍കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. നല്‍കിയവരും അത് വെളിപ്പെടുത്തേണ്ടതില്ല. രാഷ്ട്രീയ അഴിമതിയെ നിയമപരമാക്കാനുള്ള അത്യന്തം പ്രതിഷേധകരമായ നീക്കമാണ് ഇലക്ടറല്‍ ബോണ്ട് എന്നകാര്യം തിരിച്ചറിയേണ്ടതുണ്ട്. ഈ വര്‍ഷം ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 222 കോടി രൂപയുടെ 95 ശതമാനവും ലഭിച്ചത് ബി ജെ പിക്കാണ് !
Posted on: December 19, 2018 10:16 am | Last updated: December 19, 2018 at 10:16 am

രാഷ്ട്രീയ അഴിമതിയെ നിയമപരമാക്കാനുള്ള സംവിധാനമെന്ന നിലക്കാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നിരിക്കുന്നത്. സമ്പദ്ഘടനയുടെ കോര്‍പറേറ്റ്‌വത്കരണത്തിനാവശ്യമായ രീതിയില്‍ ഭരണവര്‍ഗ രാഷ്ട്രീയം തന്നെ കോര്‍പറേറ്റ്‌വത്കരിക്കപ്പെട്ടിരിക്കുകയാണ്. മോദിഭരണമെന്നത് ചങ്ങാത്തമുതലാളിത്തത്തിന്റെ ലക്ഷണമൊത്ത അഴിമതി ഭരണമാണ്. കോര്‍പറേറ്റുകളും രാഷ്ട്രീയ നേതൃത്വവും പരസ്പരം സഹകരിച്ചും സംയോജിച്ചും രാഷ്ട്രസമ്പത്ത് കൊള്ളയടിക്കുന്ന അവസ്ഥയാണ് ചങ്ങാത്ത മുതലാളിത്തമെന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് റാഫേല്‍ ഇടപാട്. റാഫേല്‍ കുംഭകോണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത് മോദിയുടെ അഴിമതിയും കോര്‍പറേറ്റ് സേവയുമാണ്. അഴിമതിഗ്രസ്തമായ ചങ്ങാത്ത മുതലാളിത്തത്തെയാണ് നവലിബറല്‍ കാലഘട്ടത്തിലെ പല ഭരണകൂടങ്ങളും പ്രതിനിധീകരിക്കുന്നത്.

2014ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചത് ഇന്ത്യക്കകത്തും പുറത്തുമുള്ള ഫൈനാന്‍സ് മൂലധന കുത്തകകളായിരുന്നു. ‘ഇക്കണോമിക് ടൈംസില്‍’ എഴുതിയ ഒരു ലേഖനത്തില്‍ ഭാവനവിജ്അറോറ നിരീക്ഷിക്കുന്നത് 15,000 കോടി രൂപയോളം 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രതിഛായ നിര്‍മിതിക്കു വേണ്ടി ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് കമ്പനികള്‍ ചെലവഴിച്ചെന്നാണ്. അങ്ങനെയാണ് ന്യൂനപക്ഷഹത്യയുടെ ചോരക്കറപുരണ്ട മോദിയെ വികാസ് പുരുഷനെന്ന പ്രതിഛായയിലെത്തിച്ചത്.

തന്നെ അധികാരത്തിലെത്തിച്ച കോര്‍പറേറ്റുകളുടെ വിശ്വസ്തനായ സേവകനെന്ന നിലയിലാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി മോദി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മര്‍മപ്രധാനമായ മേഖലകളെല്ലാം നേരിട്ടുള്ള വിദേശമൂലധന നിക്ഷേപത്തിന് തുറന്നുകൊടുക്കുകയാണ് അധികാരത്തിലെത്തിയ ഉടനെ മോദി ചെയ്തത്. രാജ്യത്തിന്റെ പൊതുമേഖലാ ബേങ്കുകളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിജയമല്യ മുതല്‍ നിതിന്‍സന്ദേശര വരെയുള്ള കള്ളന്മാരായ കോര്‍പറേറ്റുകളുടെ സംരക്ഷകരാണ് ബി ജെ പി സര്‍ക്കാര്‍. മുകേഷ് അംബാനിയും അനില്‍ അംബാനിയും ഗൗതം അദാനിയും മോദി ഭരണത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ച് രാഷ്ട്രസമ്പത്താകെ തട്ടിയെടുക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന മോദിയും അമിത്ഷായും അതിന്റെ കമ്മീഷന്‍ അടിച്ചെടുക്കുന്ന വന്‍ അഴിമതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ രാഷ്ട്രീയ അഴിമതിയെ നിയമപരമാക്കാനുള്ള അത്യന്തം പ്രതിഷേധകരമായ നീക്കമാണ് ഇലക്ടറല്‍ ബോണ്ട് എന്നകാര്യം രാഷ്ട്രീയ ധാര്‍മികതയും ദേശാഭിമാന ബോധവുമുള്ള എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടിന്റെ കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാനോ അതിനെ എതിര്‍ക്കാനോ ഇതുവരെ തയ്യാറായിട്ടില്ല.
എന്താണ് ഇലക്ടറല്‍ ബോണ്ടെന്ന കാര്യം മനസ്സിലാക്കുമ്പോഴാണ് രാജ്യത്തെ വിഴുങ്ങുന്ന കോര്‍പറേറ്റ് കമ്പനികളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധബന്ധത്തെ നിയമവത്കരിക്കാനുള്ള നീക്കത്തിന്റെ അപകടം ബോധ്യമാകൂ. ആരാണ് പണം നല്‍കുന്നതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് ഇലക്ടറല്‍ ബോണ്ട് വഴി ഒരുക്കപ്പെടുന്നത്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ പ്രതേ്യക ശാഖകളില്‍ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ മുഖേന അത് പണമാക്കി മാറ്റാം. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യങ്ങളുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകള്‍ ആരാണ് നല്‍കുന്നതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. നല്‍കിയവരും അത് വെളിപ്പെടുത്തേണ്ടതില്ല. ഇത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഇഷ്ടം പോലെ കോര്‍പറേറ്റ് പണം അടിച്ചെടുക്കാനുള്ള സംവിധാനമാണ്.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതുപോലെ; കഴിഞ്ഞ സാമ്പത്തികവര്‍ഷം 1027 കോടി രൂപയാണ് ബി ജെ പിക്ക് സംഭാവനയായി കിട്ടിയത്. ഈ വര്‍ഷം ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 222 കോടി രൂപയുടെ 95 ശതമാനവും ലഭിച്ചത് ബി ജെ പിക്കാണ്! കോര്‍പറേറ്റുകളില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ബി ജെ പി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. റാഫേല്‍ കുംഭകോണം റിലയന്‍സും മോദിയും തമ്മിലുള്ള ചങ്ങാത്ത ബന്ധത്തിന്റെ ലജ്ജാകരവും രാജ്യദ്രോഹപരവുമായ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മോദി ഭരണത്തിന്റെ നഗ്നമായ അഴിമതിയാണ് റാഫേല്‍ ഇടപാട് തുറന്നുകാട്ടിയിരിക്കുന്നത്. ദസോള്‍ട്ട് എന്ന ഫ്രഞ്ച് യുദ്ധവിമാന നിര്‍മാണ കമ്പനി തങ്ങളുടെ ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുത്തത് മോദിയുടെ ഇടപെടലിലൂടെയാണെന്നാണ് വ്യക്തമായിരിക്കുന്നത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെയുടെ പ്രസ്താവനയോടെയാണ് റാഫേല്‍ കുംഭകോണത്തില്‍ മോദി സര്‍ക്കാറിന്റെ തട്ടിപ്പും അത് മൂടിവെക്കാന്‍ നടത്തിയ ശ്രമങ്ങളും തുറന്നുകാട്ടപ്പെട്ടത്.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സുമായി മൂല്യനിര്‍ണയത്തിനും വിലനിശ്ചയിക്കലിനുമുള്ള നീണ്ട ഒരു പ്രക്രിയയിലൂടെ കടന്നുപോയതിന് ശേഷമാണ് കരാറുണ്ടാക്കിയത്. ആ കരാര്‍ റദ്ദ് ചെയ്താണ് അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോനോട്ടിക്‌സിന് മോദി കരാര്‍ ഒപ്പിച്ചുകൊടുത്തത്. പ്രധാനമന്ത്രിയുടെ ഈ നടപടി ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണെന്ന കാര്യം ചര്‍ച്ചചെയ്യപ്പെട്ടതാണ്. യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണലുകള്‍ വളരെ കുറവായ വ്യോമസേനക്ക് 126 യുദ്ധവിമാനങ്ങള്‍ വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദസോള്‍ട്ടുമായി പര്‍ച്ചേസിംഗ് കരാറുണ്ടാക്കിയത്. ആ കരാര്‍ ഇല്ലാതാക്കിയാണ് മോദി അനില്‍ അംബാനിയുടെ കമ്പനിയെ ദസോള്‍ട്ടിന്റെ പങ്കാളിയാക്കി മാറ്റിയത്.

29,000 കോടി രൂപക്ക് 126 വിവിധോദ്ദേശ്യയുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുണ്ടാക്കിയ കരാറാണ് അട്ടിമറിച്ചത്. പുതിയ കരാറില്‍ വിമാനത്തിന്റെ എണ്ണം 36 ആയി കുറക്കുകയും വില 59,000 കോടിയായി ഉയര്‍ത്തുകയും ചെയ്തു. എച്ച് എ എല്ലുമായി ഉണ്ടാക്കിയ ജോലി പങ്കിടല്‍ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു. വിചിത്രമായ വസ്തുത പ്രതിരോധ ആയുധ നിര്‍മാണത്തില്‍ ഒരു തരത്തിലുള്ള മുന്‍ പരിചയവും ഇല്ലാത്തതാണ് അനില്‍ അംബാനിയുടെ കമ്പനിയെന്നതാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി രാജ്യരക്ഷയെ തന്നെ തുരങ്കം വെക്കുന്ന ഇത്തരം ഇടപാടുകളിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് മോദി- അമിത്ഷാ കൂട്ടുകെട്ട് അടിച്ചെടുക്കുന്നത്. അതിനുള്ള സംവിധാനമെന്ന നിലക്കാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നിരിക്കുന്നത്.