കെ എസ് ആര്‍ ടി സി: പ്രതിസന്ധി പരിഹരിക്കാന്‍ മാരത്തോണ്‍ നിയമനത്തിനു നടപടി തുടങ്ങി

Posted on: December 18, 2018 7:33 pm | Last updated: December 19, 2018 at 11:12 am

തിരുവനന്തപുരം: എം പാനല്‍ കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയനുസരിച്ച് പിരിച്ചുവിട്ടതോടെ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കെ എസ് ആര്‍ ടി സി നീക്കം തുടങ്ങി. വകുപ്പിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4051 പേര്‍ ബുധനാഴ്ച തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ എത്തണമെന്ന് അറിയിച്ച് എം ഡി. ടോമിന്‍ തച്ചങ്കരി ഉത്തരവിറക്കി. കോടതിയലക്ഷ്യ നടപടി ഉണ്ടാകാതിരിക്കുക കൂടി ഉദ്ദേശിച്ചാണ് അടിയന്തരമായി നിയമനങ്ങള്‍ നടത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.

കണ്ടക്ടര്‍മാരുടെ കുറവു മൂലം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാകും ആദ്യ ഘട്ടത്തില്‍ നിയമനം നല്‍കുക. തുടര്‍ന്ന് നിയമനം മറ്റു ജില്ലകളിലേക്കു നീളും. രണ്ടു ദിവസത്തിനുള്ളില്‍ കണ്ടക്ടര്‍മാരെ നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ലിസ്റ്റിലുള്ളവര്‍ എത്ര പേര്‍ എത്തുമെന്നതാണ് കെ എസ് ആര്‍ ടി സിയെയും സര്‍ക്കാറിനെയും ആശങ്കയിലാഴ്ത്തുന്ന മറ്റൊരു പ്രശ്‌നം. വര്‍ഷങ്ങളോളമായി നിയമനമൊന്നും നടക്കാത്തതിനാല്‍ ലിസ്റ്റിലെ പലരും മറ്റു ജോലികളില്‍ പ്രവേശിച്ചിരിക്കാന്‍ ഇടയുണ്ട്.

അതിനിടെ, പ്രതിഷേധ സൂചകമായി 20 മുതല്‍ ആലപ്പുഴയില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് കുടുംബത്തോടൊപ്പം ലോംഗ് മാര്‍ച്ച് നടത്തുമെന്ന് കണ്‍ക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എം പാനല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ കാരണം ഇന്നലെ മാത്രം 815 സര്‍വീസുകള്‍ മുടങ്ങിയിരുന്നു.