Connect with us

Ongoing News

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല; വന്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

Published

|

Last Updated

പെര്‍ത്ത്: ഇല്ല, ഒരത്ഭുതവും സംഭവിച്ചില്ല. രണ്ടാം ടെസ്റ്റില്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പ്രധാന കാരണങ്ങളിലൊന്ന്‌ ടീം തിരഞ്ഞെടുപ്പു തന്നെയായിരുന്നു. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ഫോമിലുള്ള സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലുണ്ടായിരുന്നില്ല. ഇരുവരും പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റിലൂടെയും മികവ് കാണിക്കാന്‍ പ്രാപ്തിയുള്ളവരാണ് എന്നതുകൂടി കണക്കിലെടുക്കുമ്പോഴാണ് ടീം തിരഞ്ഞെടുപ്പിലെ പാളിച്ച കൂടുതല്‍ വ്യക്തമാവുക.

നാല് പേസര്‍മാരെ ഉപയോഗിച്ച് ഓസീസിനെ തറപറ്റിക്കാമെന്ന വ്യാമോഹം കനത്ത തിരിച്ചടിയായി. പെര്‍ത്തിലെ പിച്ച് പേസര്‍മാര്‍ക്കു അനുകൂലമാകുമെന്ന മുന്‍വിധിക്കു കൂടിയുള്ള പ്രഹരമാണ് തോല്‍വിയിലൂടെ ഏറ്റുവാങ്ങിയത്. അതേസമയം, തങ്ങളുടെ പ്രധാന സ്പിന്നര്‍ നഥാന്‍ ലയണിനെ നിലനിര്‍ത്തിയുള്ള തന്ത്രം ഓസീസിന് ഗുണം ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ അഞ്ചു വിക്കറ്റുകളാണ് ലയണ്‍ സ്വന്തം പേരിലാക്കിയത്. അര്‍ധ സെഞ്ച്വറി നേടി നിലയുറപ്പിച്ചിരുന്ന അജിങ്ക്യ രഹാനെയുടെയും മികച്ച് ബാറ്റ്‌സ്മാനായ ഋഷഭ് പന്തിന്റെയും വിക്കറ്റുകള്‍ ഇതിലുള്‍പ്പെടും.

കൂടുതല്‍ ഓവറുകള്‍ ലയണിനു നല്‍കാനുള്ള ഓസീസ് ക്യാപ്റ്റന്റെ തീരുമാനം മത്സരത്തില്‍ നിര്‍ണായകമായി. 34.5 ഓവര്‍ എറിഞ്ഞ ലയണ്‍ 67 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതില്‍ ഏഴ് ഓവറുകള്‍ മെയ്ഡനായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ബാറ്റിംഗ് തുരുപ്പു ചീട്ടായ ക്യാപ്റ്റന്‍ വിരാട് കോലിയെയും തങ്ങളുടെതായ സമയങ്ങളില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെക്കാന്‍ കരുത്തുള്ള മുരളി വിജയ്, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളും പിഴുത ലയണ്‍ ടീമിന്റെ വിജയത്തില്‍ പ്രമുഖ പങ്കുവഹിച്ചു. പന്തിനെ വിദഗ്ധമായി കറക്കാന്‍ കഴിവുള്ള ഈ സ്പിന്നര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും. ഇന്ത്യയുടെ
പാര്‍ട് ടൈം സ്പിന്നര്‍മാരില്‍ ആദ്യ ഇന്നിംഗ്‌സിലെ ഹനുമാന്‍ വിഹാരിയുടെ രണ്ടു വിക്കറ്റു നേട്ടം മാത്രമാണ് എടുത്തു പറയാനുള്ളത്. മുരളി വിജയ് പരാജയമായി. ആദ്യ ടെസ്റ്റിലെ ജയം കണക്കിലെടുത്ത് ആതിഥേയ ടീമിനെ കുറച്ചു കണ്ടതും വിനയായി. ഇതൊക്കെയാണെങ്കിലും ടോസ് നഷ്ടമായതു കളി കൈവിടുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്നതും കാണാതെ പോകാനാകില്ല.

ഇന്ന് ഇന്ത്യയുടെ നേരിയ പ്രതീക്ഷകളെ വളരെ നേരത്തെ തന്നെ തച്ചുടക്കാന്‍ ഓസീസിനായി. പരാജയ ഭാരം കുറയ്ക്കാന്‍ പോലും ഹനുമ വിഹാരിക്കും ഋഷഭ് പന്തിനും സാധിച്ചില്ല. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 140 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം കളം വിട്ടു. 146 റണ്‍സ് എന്ന ഭീമന്‍ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. ഇതോടെ നാലു മത്സര പരമ്പരയിലെ രണ്ടാം മത്സരം തങ്ങള്‍ക്കനുകൂലമാക്കി ഇന്ത്യക്കൊപ്പമെത്താന്‍ ഓസീസിനു സാധിക്കുകയും ചെയ്തു.

ഇന്ന് ആദ്യ സെഷനില്‍ 15 ഓവറില്‍ തന്നെ കാര്യങ്ങളെല്ലാം കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ഇന്നലെ കൈയിലുണ്ടായിരുന്ന അഞ്ചു വിക്കറ്റുകള്‍ 34 റണ്‍സു കൂടി ചേര്‍ക്കുന്നതിനിടെ ഇന്ത്യ അടിയറ വെച്ചു. ഇന്നലെ 24 റണ്‍സുമായി പൊരുതുമെന്നു തോന്നിപ്പിച്ച ഹനുമ വിഹാരിക്ക് ഇന്ന് നാലും റണ്‍സു കൂടിയേ എടുക്കാനായുള്ളൂ. മിഷേല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. ലയോണിന്റെ പന്തില്‍ ഋഷഭ് പന്തും പെട്ടെന്നു കൂടാരം കയറി. വിലപ്പെട്ട 30 റണ്‍സ് ടീം സ്‌കോറില്‍ കൂട്ടിച്ചേര്‍ക്കാനായെങ്കിലും ലക്ഷ്യത്തിന് അടുത്തേക്കെങ്കിലും ബാറ്റു വീശാന്‍ ഋഷഭിനുമായില്ല. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. വാലറ്റക്കാരായ ഉമേഷ് യാദവും (രണ്ട്), ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയും റണ്ണൊന്നുമെടുക്കാതെയും കാര്യങ്ങള്‍ എളുപ്പത്തിലാക്കി. കളി അവസാനിക്കുമ്പോള്‍ അക്കൗണ്ട് തുറക്കാതിരുന്ന ഷമി പുറത്താകാതെ നിന്നു.
സ്‌കോര്‍: ആസ്‌ത്രേലിയ- 326, 243. ഇന്ത്യ- 283, 140.