വെടിവെപ്പ്: നടി ലീന മരിയയുടെ മൊഴിയെടുത്തു

Posted on: December 17, 2018 11:35 pm | Last updated: December 17, 2018 at 11:35 pm

കൊച്ചി: പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയുമായ നടി ലീന മരിയ പോളിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കൊച്ചി ഡി സി പിക്ക് മുന്നില്‍ ഹാജരായ ലീന പോളിനെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞാതായാണ് സൂചന.

നടി ലീന മരിയ പോളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ പോലീസുമായി സഹകരിച്ചാണ് അന്വേഷണം നടക്കുന്നത്. നടിയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഡെപ്യൂട്ടി കമ്മീഷനര്‍ ജെ ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷനര്‍ പി പി ഷംസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നടി പ്രതിയായിരുന്നതിനെ തുടര്‍ന്ന് ആക്രമണത്തില്‍ ദുരൂഹതകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തുന്നത്.

ശനിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് നഗര ഹൃദയത്തിലെ പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ ബൈക്കില്‍ തന്നെ രക്ഷപ്പട്ടു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ സംഘാംഗങ്ങളാണെന്ന കുറിപ്പ് വലിച്ചറിഞ്ഞ ശേഷമായിരുന്നു ഇവര്‍ രക്ഷപെട്ടത്.