Kerala
കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ തിങ്കളാഴ്ചക്കകം പിരിച്ചുവിടണം: ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ചക്കകം നടപ്പാക്കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി എംഡിയുടെ സാവകാശ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവിനെ വിമര്‍ശിച്ച കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ നടപടിയില്‍ കോടതി അത്യപ്തി അറിയിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഇടപെടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
പിഎസ് സി അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിച്ചില്ലെന്ന് കാണിച്ച് ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് മുഴുവന്‍ എംപാനല്‍ ജീവനക്കാരേയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ രണ്ട് മാസത്തെ സാവകാശം വേണമെന്ന് കാണിച്ച് എംഡി ടോമിന്‍ തച്ചങ്കരി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. 4017 പേരെ ഒരുമിച്ച് പിരിച്ചു വിടുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു ദിവസം പോലും നീട്ടി നല്‍കാനാകില്ലെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പാക്കി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.