Connect with us

National

തര്‍ക്കം രൂക്ഷം; ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനാകാതെ കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയെ തറപറ്റിച്ച് മികച്ച വിജയം സ്വന്തമാക്കിയ മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസ് കുഴങ്ങുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിനു വിലങ്ങുതടിയാകുന്നത്.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും അനുകൂലികള്‍ വിട്ടുവീഴ്ചക്കു തയാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇരു കൂട്ടരും പാര്‍ട്ടി ആസ്ഥാനത്ത് പ്രകടനം നടത്തി. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനും സിന്ധ്യക്കു ഉപ മുഖ്യമന്ത്രി സ്ഥാനവും പ്രദേശ് കോണ്‍. കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനവും നല്‍കാന്‍ ആലോചിച്ചെങ്കിലും സിന്ധ്യ അനുകൂലിച്ചില്ലെന്നാണ് വിവരം.

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലാണ് മത്സരം മുറുകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിയാലോചനയില്‍ ഗെഹ് ലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും അംഗീകരിക്കാന്‍ പൈലറ്റ് കൂട്ടാക്കിയില്ല.

വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഛത്തീസ്ഗഢിലും മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമാണ്. ടി എസ് സിംഗ്‌ദ്യോ, ഭൂപേഷ് ഭാഗല്‍, തമ്രദ്വാജ് സാഹു, ചരണ്‍ദാസ് മഹന്ത് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇവിടെയും തര്‍ക്കം തെരുവിലേക്കു പടര്‍ന്നിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മൂന്നു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നത് നീളാനാണ് സാധ്യത.

Latest