മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയും ശ്രമം തുടങ്ങി

Posted on: December 12, 2018 10:46 am | Last updated: December 12, 2018 at 1:09 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ബിജെപിയും രംഗത്ത.് 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിറകെയാണ് ബിജെപിയും സര്‍ക്കാറിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് അഭ്യര്‍ഥിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിക്ക് ഇവിടെ 109 സീറ്റുകളാണുള്ളത്. ബിഎസ്പി രണ്ട് സീറ്റിലും എസ് പി ഒരു സീറ്റിലും സ്വതന്ത്രര്‍ നാല് സീറ്റിലും വിജയിച്ചിട്ടുണ്ട്. ബിഎസ്പിയുടേയും എസ്പിയുടേയും രണ്ട് സ്വതന്ത്രരുടേയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനായി ചൊവ്വാഴ്ച രാത്രിതന്നെ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അവസാന ഫലം പുറത്തുവരുംവരെ കാത്തിരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു.അതേ സമയം സ്വതന്ത്രരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസിനൊപ്പം ബിജെപിയും ഉന്നയിക്കുന്നുണ്ട്.അതേ സമയം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ തീരുമാനം നിര്‍ണായകമാകും