Connect with us

Kerala

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിനു സമര്‍പ്പിച്ചു

Published

|

Last Updated

കണ്ണൂര്‍: ഉത്സവാന്തരീക്ഷം സാക്ഷി നില്‍ക്കവെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം ചിറകു വിരിച്ചു പറന്നു. ഇന്ന് രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം നാടിനു സമര്‍പ്പിച്ചത്. ഇരുവരും ചേര്‍ന്ന് വിമാനത്താവള ടെര്‍മിനലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് അബൂദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തപ്പോള്‍ യു ഡി എഫും ബി ജെ പിയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

അബൂദബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാനുള്ളവരെല്ലാം രാവിലെ ആറിനു തന്നെ വായന്തോട്ടില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് പ്രത്യേക ബസില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ എത്തിയ ഇവരെ മന്ത്രിമാരായ ഇ പി ജയരാജനും കെ കെ ശൈലജയും ചേര്‍ന്നു സ്വീകരിച്ചു. സെല്‍ഫ് ചെക്കിംഗ് മെഷീന്‍, വി ഐ പി ലോഞ്ച് എന്നിവയുടെ ഉദ്ഘാടനവും നടന്നു. യഥാക്രമം വിമാനത്താവളത്തിലെ എ ടി എം, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, മലബാര്‍ കൈത്തറി ഇന്‍സ്റ്റലേഷന്‍, ഫാഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് എന്നിവയുടെ ഉദ്ഘാടനം മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ കെ ശൈലജ, ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ നിര്‍വഹിച്ചു.

ഒരുലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാനാകുന്ന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഉത്തര മലബാറിന്റെ സംസ്‌കാരം അടയാളപ്പെടുത്ത കലാപരിപാടികളും കേരളത്തിന്റെയും മലബാറിന്റെയും പെരുമ കടല്‍ കടത്തിയ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ താളപ്പെരുമയും കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിനു മാറ്റേകി. മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി സന്നിഹിതരായിരുന്നു.

ഒരു യാത്രാ വിമാനങ്ങളുള്‍പ്പടെ 24 ആഗമന-നിര്‍ഗമന ചാര്‍ട്ടാണ് ഇന്ന് വ്യോമഗതാഗത ഷെഡ്യൂളിലുള്ളത്.
185 പേരാണ് ആദ്യം പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737 വിമാനത്തിലുള്ളത്. ഇന്ന് വൈകീട്ട് ഈ വിമാനം കണ്ണൂരില്‍ മടങ്ങിയെത്തും. ഇന്ന് രാവിലെ 11 ഓടെ ബെംഗളൂരുവില്‍ നിന്നുള്ള ഗോ എയര്‍ വിമാനം കണ്ണൂരിലെത്തും.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരുന്നത്.