ദീപ നിഷാന്തിനെതിരെ പ്രതിഷേധം; ഉപന്യാസ മത്സരം പുനര്‍ മൂല്യനിര്‍ണയം നടത്തും

Posted on: December 8, 2018 9:21 pm | Last updated: December 9, 2018 at 9:51 am

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങള്‍ പുനര്‍ മൂല്യ നിര്‍ണയം നടത്താന്‍ തീരുമാനമായി. കവിതാ മോഷണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ദീപ നിഷാന്ത് വിധികര്‍ത്താവായത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് നടപടി. പുനര്‍ മൂല്യനിര്‍ണയം നടത്തേണ്ട ഉന്നതാധികാര സമിതി അല്‍പ സമയത്തിനകം യോഗം ചേരും.

ദീപ വിധി കര്‍ത്താവായി എത്തിയതിനെതിരെ കലോത്സവ വേദിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ദീപയെയും ഉപന്യാസ മത്സരത്തിലെ മറ്റു രണ്ട് വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു.

കലോത്സവ മാന്വലിന്‍ അനുശാസിക്കുന്ന യോഗ്യത തനിക്കുള്ളതിനാലാണ് ജഡ്ജിംഗ് പാനലിന്റെ ഭാഗമായതെന്നും കവിതാ മോഷണം സംബന്ധിച്ച കാര്യത്തില്‍ തന്റെ നിലപാട് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ദീപ നിഷാന്ത് പിന്നീട് വ്യക്തമാക്കി.