കഷ്ടം തന്നെ മുതലാളീ….വീണ്ടും തോറ്റു; നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്

Posted on: December 7, 2018 9:35 pm | Last updated: December 8, 2018 at 10:28 am

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാണംകെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഹോം ഗ്രൗണ്ടില്‍ പൂനെ സിറ്റി എഫ് സിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു. 20ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം മാഴ്‌സലീഞ്ഞോയാണ് വിജയ ഗോള്‍ നേടിയത്. മലയാളി താരം ആശിഖ് കുരുണിയന്റെ ഒന്നാംതരം പാസില്‍ നിന്നാണ് മാഴ്‌സലീഞ്ഞോ ഗോള്‍ കണ്ടെത്തിയത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ അവസാനിച്ചു.

സീസണില്‍ പതിനൊന്ന് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഒരെണ്ണം മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ആറെണ്ണം സമനിലയായി. ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള കേരളാ ടീമിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പോലും സെമി കാണാന്‍ അവസരമില്ല.

അതേസമയം, പതിനൊന്ന് മത്സരങ്ങളില്‍ രണ്ടാം ജയം സ്വന്തമാക്കിയ പൂനെ എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. ഒമ്പത് മത്സരങ്ങളില്‍ ഏഴും ജയിച്ച് 23 പോയിന്റുള്ള ബെംഗളൂരു എഫ് സിയാണ് ഒന്നാമത്.

പതിവുപോലെ ഫിനിഷിംഗിലെ പിഴവും ഭാവനാ ശൂന്യമായ പാസിംഗും മത്സരത്തില്‍ നിഴലിച്ചു നിന്നു. ഐഎസ്എല്‍ സീസണുകളില്‍ പൂനെക്കെതിരെ മികച്ച റെക്കോര്‍ഡായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനുണ്ടായിരുന്നത്. ഇതിന് മുമ്പ് ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു. പൂനെക്ക് ഒരു ജയം മാത്രമാണ് നേടാന്‍ കഴിഞ്ഞിരുന്നത്. അത് രണ്ടാക്കി ഉയര്‍ത്താനും പൂനെക്ക് കഴിഞ്ഞു. മാത്രമല്ല, ഹോം മത്സരത്തില്‍ പൂനെക്ക് ആദ്യമായി ഒരു ജയം സമ്മാനിക്കാനും ബ്ലാസ്റ്റേഴ്‌സിനായി.