Connect with us

Articles

കണ്ണൂരിന്റെ ചിറകില്‍ കേരളത്തിന്റെ കുതിപ്പ്

Published

|

Last Updated

കേരളത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് തുറക്കുകയാണ്. ഉത്തര കേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂര്‍ത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപ്പിടിക്കുന്ന ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പ് നല്‍കാന്‍ അത്യാധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യവും പരിഗണനയുമാണ് ഇതില്‍ പ്രകടമാകുന്നത്. കൊച്ചി മെട്രോക്കു ശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്‍കിട അടിസ്ഥാന സൗകര്യപദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ദേശീയപാതാ വികസനം, ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍, കൂടംകുളം വൈദ്യുതി ലൈന്‍, കോവളം- ബേക്കല്‍ ദേശീയ ജലപാത, മലയോര-തീരദേശ ഹൈവേകള്‍ തുടങ്ങിയ പദ്ധതികളും അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ടവും അടുത്ത വര്‍ഷം പൂര്‍ത്തിയാകും.

പ്രളയദുരന്തം നമ്മുടെ വന്‍കിട അടിസ്ഥാന സൗകര്യപദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അവയുടെ നിര്‍മാണം വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വന്‍കിട പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ടൂറിസം വികസനത്തിനും വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനും മികച്ച അടിസ്ഥാന സൗകര്യം അത്യന്താപേക്ഷിതമാണ്. ഈ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. മികച്ച ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളമാണ് കണ്ണൂരെന്ന് നേരത്തെ പരാമര്‍ശിച്ചുവല്ലോ. അക്കൂട്ടത്തില്‍ സവിശേഷമായ സൗകര്യമാണ് “ഡേ-ഹോട്ടല്‍”. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും ഇവിടെ സൗകര്യമുണ്ട്. രേണ്ടാ മൂന്നോ മണിക്കൂര്‍ നേരത്തേക്കും മുറി ലഭിക്കും. അതിനുളള വാടകയേ നല്‍കേ ണ്ടതുളളു. ഈ രീതിയില്‍ യാത്രക്കാര്‍ക്ക് ഒരുവിധ അസൗകര്യവും അനുഭവപ്പെടാത്ത രീതിയിലാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തിട്ടുളളത്. സാധാരണ ഗതിയില്‍ വിമാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുമാത്രം വിമാനത്താവളം ലാഭകരമായി നടത്താനാവില്ല. അതു കണക്കിലെടുത്ത് വ്യോമയാനത്തിന് പുറമെയുളള വരുമാനം വര്‍ധിപ്പിക്കുന്നതിന് വിമാനത്താവള കമ്പനി തീരുമാനങ്ങളെടുത്തിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വരുമാനത്തിന്റെ പകുതിയോളം നോണ്‍ ഏവിയേഷനില്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഉത്തരകേരളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വികസനത്തിന് കുതിപ്പ് നല്‍കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കഴിയും. 1996ലെ നായനാര്‍ സര്‍ക്കാറാണ് വിമാനത്താവളത്തിനുളള നടപടികള്‍ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കെണ്ടത്തുകയും ചെയ്തു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലും കീഴല്ലൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്ന മൂര്‍ഖന്‍ പറമ്പില്‍ 2,300 ഏക്കര്‍ സ്ഥലത്താണ് ലോക നിലവാരത്തിലുളള സൗകര്യങ്ങളോടെ വിമാനത്താവളം പൂര്‍ത്തിയാക്കിയത്. വിമാനത്താവളത്തിന്റെ നടപടികള്‍ ത്വരിതപ്പെടുത്താന്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍ ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എനിക്ക് പ്രത്യേകം സന്തോഷമുണ്ട്. ജനതാദള്‍ നേതൃത്വത്തിലുളള യുനൈറ്റഡ് ഫ്രണ്ട് സര്‍ക്കാറിന്റെ കാലത്ത് സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന സി എം ഇബ്‌റാഹിം കണ്ണൂര്‍ വിമാനത്താവളം അനുവദിക്കുന്നതില്‍ പ്രത്യേകം താത്പര്യമെടുത്തിരുന്നുവെന്ന് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് സഹായവും പിന്തുണയും നല്‍കിയ ധാരാളം പേരുണ്ട്. അവരെയെല്ലാം ഈ അവസരത്തില്‍ സ്മരിക്കുകയാണ്. ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അന്തരിച്ചുപോയ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെ പ്രത്യേകം ഓര്‍ക്കുന്നു. വലിയ എതിര്‍പ്പുകളെയും പരീക്ഷണങ്ങളെയും നേരിട്ടാണ് വിമാനത്താവളം പൂര്‍ത്തിയാക്കിയത്.

വിമാനത്താവളത്തിന് 1996ല്‍ നടപടി ആരംഭിച്ചിരുന്നെങ്കിലും തുടര്‍ന്നുവന്ന യുഡി എഫ് സര്‍ക്കാറിന്റെ (2001-2006) കാലത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. 2006ല്‍ അധികാരത്തിലേറിയ എല്‍ ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. 2011ല്‍ അധികാരത്തിലേറിയ യു ഡി എഫ് സര്‍ക്കാര്‍ തുടര്‍ന്ന് ചില നടപടികള്‍ സ്വീകരിച്ചു. 2016ല്‍ ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി കണ്ണൂര്‍ മാറണം എന്ന ദൃഢനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ ഓരോ തീരുമാനവും എടുത്തത്. റണ്‍വെ ഇപ്പോള്‍ത്തന്നെ 3050 മീറ്ററാണ്. റണ്‍വെ 4000 മീറ്ററായി നീട്ടാനുള്ള തീരുമാനം എടുത്തിട്ടുണ്ട. ഇന്ത്യയില്‍ ഇപ്പോള്‍ മറ്റ് മൂന്ന് വിമാനത്താവളങ്ങള്‍ക്കു മാത്രമേ 4000 മീറ്റര്‍ റണ്‍വെയുളളൂ. കണ്ണൂര്‍, കാസര്‍കോട്്, വയനാട് ജില്ലകളുടെയും കര്‍ണാടകയില്‍ ഉള്‍പ്പെടുന്ന കുടകിന്റെയും ടൂറിസം വികസനത്തിന് പുതിയ വിമാനത്താവളം വലിയ പ്രയോജനം ചെയ്യും. ഈ മേഖലയില്‍ കൂടുതല്‍ വ്യവസായനിക്ഷേപം ഉണ്ടാവാനും വിമാനത്താവളം സഹായിക്കും. വിമാനത്താവളത്തിന് ആവശ്യമായ അനുമതികള്‍ താമസംവിനാ ലഭ്യമാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സഹായകരമായ നിലപാടാണ് ഉണ്ടായിട്ടുളളത്. പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനികള്‍ കണ്ണൂരില്‍നിന്നും സര്‍വീസ് ആരംഭിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ധാരാളം അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാരത്തിനും വ്യവസായത്തിനും വലിയ സാധ്യതകളുളള ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം നമുക്ക് ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ കുറവാണ് ഒരു പരിധിവരെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ടൂറിസത്തിനു മാത്രമല്ല വ്യവസായത്തിനും വാണിജ്യത്തിനും വിമാനത്താവളം വലിയ ഉത്തേജനം നല്‍കും. കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ ടൂറിസം വികസനത്തിന് ബഹുമുഖമായ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. വിമാനത്താവളം തുറക്കുന്നതോടെ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനു ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഈ രീതിയില്‍ കണ്ണൂര്‍ മേഖലയുടെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്ക് വിമാനത്താവളം സഹായിക്കും. പ്രവാസികള്‍ ധാരാളമുള്ള ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. പ്രവാസി കുടുംബങ്ങളുടെ യാത്രാസൗകര്യവും വര്‍ധിക്കും. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം മേഖല കളിലുള്ളവര്‍ക്കും യാത്രക്ക് ഇതു സൗകര്യമാവും. കണ്ണൂര്‍ വരുന്നതോടെ കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും. ആകാശയാത്രക്ക് ഇത്രയും സൗകര്യമുള്ള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിനകത്തെ യാത്രക്ക് ജനങ്ങള്‍ വിമാനം കൂടുതലായി ഉപയോഗിക്കാനുള്ള സാധ്യതയും വന്നിട്ടുണ്ട്.

ഭൂമിയുടെ ദൗര്‍ലഭ്യമാണ് നമ്മുടെ പല വികസന പദ്ധതികള്‍ക്കും തടസ്സമായി നില്‍ക്കുന്നത്. സ്ഥലമെടുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ എതിര്‍പ്പുയരുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവര്‍ക്ക് പരമാവധി നഷ്ടപരിഹാരം അനുവദിച്ചും പുനരധിവാസത്തിനുളള പദ്ധതികള്‍ നടപ്പാക്കിയും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ നയത്തിന് നല്ല ഫലം ഉളവായിട്ടുണ്ട്. സ്ഥലമെടുപ്പുമായി ജനങ്ങള്‍ പൊതുവെ സഹകരിക്കുന്നതാണ് കാണുന്നത്. സ്ഥലമെടുക്കുന്നതിനുള്ള എതിര്‍പ്പുകള്‍ കാരണം നമ്മുടെ ദേശീയപാതാ വികസന പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷമാണ് ദേശീയ പാതാ വികസന പദ്ധതി പുനരാരംഭിച്ചത്. ഈ പ്രവൃത്തി അതിവേഗം മുന്നോട്ടുപോകുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തന്റെ കാര്യത്തില്‍ ജനങ്ങളുടെ സഹകരണം എടുത്തുപറയേണ്ട താണ്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന പാക്കേജാണ് ഇവിടെ നടപ്പാക്കിയത്. അതുകൊണ്ടു തന്നെ സ്ഥലമെടുപ്പ് നടപടികള്‍ സുഗമമായി. സ്ഥലത്തിന് സാധ്യമായ ഏറ്റവും നല്ല വില നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്ക് മാറിത്താമസിക്കാനുളള സ്ഥലവും സൗകര്യവും അനുവദിച്ചു. വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതും നടപ്പാക്കി. ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ സ്ഥലമെടുപ്പ് പ്രശ്‌നമാകില്ല എന്നാണ് തെളിയു ന്നത്.

കേരള മുഖ്യമന്ത്രി

Latest