Connect with us

International

ഹുവായി ഉപ മേധാവി മെംഗ് വാന്‍ഷോ അറസ്റ്റില്‍

Published

|

Last Updated

വാന്‍കൂവര്‍: പ്രശസ്ത ടെക്‌നോളജി സ്ഥാപനമായ ഹുവായിയുടെ ഉപ മേധാവിയും ചീഫ് ധനകാര്യ ഓഫീസറുമായ മെംഗ് വാന്‍ഷോയെ കനഡയില്‍ അറസ്റ്റ് ചെയ്തു. ഇറാനു മേലുള്ള യു എസ് ഉപരോധം ലംഘിച്ചെന്ന കുറ്റമാരോപിച്ചാണ് അറസ്റ്റെന്നാണ് വിവരം. അമേരിക്കയുടെ ആവശ്യ പ്രകാരമാണ് അറസ്റ്റെന്ന് കനഡ അധികൃതര്‍ പറയുന്നു. എന്നാല്‍, അറസ്റ്റിലേക്കു നയിച്ച കാരണത്തിന്റെ വിശദാംശങ്ങള്‍ യു എസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ കനഡയിലെ ചൈനീസ് എംബസി കടുത്ത പ്രതിഷേധം അറിയിച്ചു. അമേരിക്കയും ചൈനയും തമ്മില്‍ ശക്തമായ വ്യാപാര സംഘര്‍ഷം നിലനില്‍ക്കുകയാണ്. ചരക്കു നീക്കത്തിന് വന്‍ നികുതിയാണ് ഇരു രാഷ്ട്രങ്ങളും പരസ്പരം ചുമത്തുന്നത്. മെംഗിന്റെ ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കുമെന്നും അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കനഡ അധികൃതര്‍ വ്യക്തമാക്കി.

ഇറാനു മേലുള്ള ഉപരോധം ലംഘിച്ചെന്ന പേരില്‍ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്നതായുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹുവായിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൈന ചാരപ്രവര്‍ത്തനം നടത്തുന്നതായും അമേരിക്ക ആരോപിച്ചിരുന്നു.
ഹുവായിയുടെ സ്ഥാപകനും ചീഫ് എക്‌സി. ഓഫീസറുമായ റെന്‍ ഷെംഗ്‌ഫെയുടെ മകളാണ് അറസ്റ്റിലായ മെംഗ്.

Latest