അലോക് വര്‍മയും രാകേഷ് അസ്താനയും പൂച്ചകളെ പോലെ കടികൂടുന്നു: കേന്ദ്ര സര്‍ക്കാര്‍

Posted on: December 5, 2018 7:32 pm | Last updated: December 5, 2018 at 7:34 pm

ന്യൂഡല്‍ഹി: സി ബി ഐ ഡയരക്ടര്‍ അലോക് വര്‍മയും പ്രത്യേക ഡയരക്ടര്‍ രാകേഷ് അസ്താനയും പൂച്ചകളെ പോലെ കടികൂടുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഇരു ഉദ്യോഗസ്ഥരും പരസ്യമായി അഴിമതി ആരോപണങ്ങള്‍ നടത്തുന്നത് സി ബി ഐയുടെ യശസ്സിനും വിശ്വാസ്യതക്കും കളങ്കമേല്‍പ്പിക്കുന്നതാണെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുടെ രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ പൂച്ചകളെ പോലെ അടികൂടുകയാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമായി തീര്‍ന്നുവെന്നും അറ്റോര്‍ണി ജനറല്‍ സൂചിപ്പിച്ചു.

കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചതിനെ ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറലിന്റെ അഭിപ്രായ പ്രകടനം.