ഫോണ്‍ സംഭാഷണം പുറത്ത്; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ വീണ്ടും ബി ജെ പി

Posted on: December 5, 2018 11:00 am | Last updated: December 5, 2018 at 11:00 am

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു വര്‍ഷം പിന്നിട്ട കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പി വീണ്ടും അടവുകള്‍ പയറ്റുന്നു. കോണ്‍ഗ്രസിലെ പത്ത് എം എല്‍ എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് തങ്ങളുടെ പക്ഷത്തെത്തിച്ച് രണ്ടാം ഓപറേഷന്‍ കമല യാഥാര്‍ഥ്യമാക്കാനുള്ള ബി ജെ പിയുടെ നീക്കം ഒരു വ്യവസായിയും ബി ജെ പി നേതാവിന്റെ അനുയായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവന്നത് കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ നിന്ന് എം എല്‍ എമാരെ ചാക്കിട്ട്പിടിക്കാന്‍ ബി ജെ പി കരുക്കള്‍ നീക്കുന്നതായുള്ള ഫോണ്‍ സംഭാഷണം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് പുറത്തുവിട്ടത്.

ബി ജെ പി നേതാവ് ബി ശ്രീരാമലുവിന്റെ സഹായിയാണ് ദുബൈയിലെ ഒരു വ്യവസായിയോട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുന്നത്. ശ്രീരാമലുവിന്റെ സുഹൃത്താണ് വ്യവസായി. എം എല്‍ എമാരെ ചാക്കിട്ട് പിടിക്കുന്നതിന് ആവശ്യമായ പണത്തിന് വേണ്ടിയാണ് സഹായി ഫോണ്‍ വിളിച്ചതെന്നാണ് സംഭാഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. സഖ്യസര്‍ക്കാറില്‍ അതൃപ്തരായ എം എല്‍ എമാരെയാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

ആനന്ദ് സിംഗ്, നാഗേന്ദ്ര, ബി സി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, രമേഷ് ജാര്‍ക്കിഹോളി, പ്രതാപഗൗഡ പാട്ടീല്‍ എന്നിവര്‍ ബി ജെ പി ലക്ഷ്യമിടുന്ന എം എല്‍ എമാരില്‍ ഉള്‍പ്പെടും. ഡിസംബര്‍ പകുതിയോടെ 10 എം എല്‍ എമാരെയെങ്കിലും രാജിവെപ്പിക്കണമെന്ന് ശ്രീരാമലുവിന്റെ അനുയായി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. എത്ര പണം കൊടുക്കേണ്ടി വരും എന്ന വ്യവസായിയുടെ ചോദ്യത്തിന് ഓരോ എം എല്‍ എമാര്‍ക്കും 20 മുതല്‍ 25 കോടി രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് ജനാര്‍ദ്ദന റെഡ്ഢിയും ശ്രീരാമലുവും പറഞ്ഞത്.

എം എല്‍ എമാരെ നേരില്‍ കാണാന്‍ മഞ്ജു, നവീന്‍, ശരവണ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്റലിജന്‍സ് വിഭാഗം ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പലഘട്ടങ്ങളിലായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയും ബി ശ്രീരാമലു എം എല്‍ എയും കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തുകൊണ്ട് യെദ്യൂരപ്പ നടത്തിയ ഫോണ്‍ സംഭാഷണവും നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ബി ജെ പി ഈ ശ്രമം തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരുന്നുവെങ്കിലും വീണ്ടു തുടങ്ങിയതായാണ് ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണം തെളിയിക്കുന്നത്.

ചാക്കിട്ട് പിടുത്തത്തിന് ബി ജെ പി ശ്രമം തുടങ്ങിയതോടെ അതീവ ജാഗ്രതയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എം എല്‍ എമാരെ നിരീക്ഷിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാല്ലൊം തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും ആരും മറുകണ്ടം ചാടില്ലെന്നും പി സി സി അധ്യക്ഷന്‍ ഡോ. ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
അതിനിടെ, ചിക്കബെല്ലാപുരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ കെ സുധാകര്‍ കഴിഞ്ഞ ദിവസം ബെംഗളൂരു ജിന്‍ഡാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജനാര്‍ദ്ദന റെഡ്ഢിയെ സന്ദര്‍ശിച്ചത് ഭരണപക്ഷ പാളയത്തില്‍ ആശങ്കക്ക് ഇടയാക്കിയിരുന്നു. മന്ത്രിസഭയില്‍ ഇടം കിട്ടാത്തതിനെ തുടര്‍ന്ന് ഇടഞ്ഞ് നിന്നിരുന്ന സുധാകറിനെ നേരത്തെ സിദ്ധരാമയ്യ ഇടപെട്ടാണ് അനുനയിപ്പിച്ചത്. എന്നാല്‍, സഖ്യകക്ഷിക്കുള്ളിലെ അഭിപ്രായഭിന്നതകളും അതൃപ്തിയും മറച്ചുവെക്കാന്‍ പാര്‍ട്ടിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നാണ് ബി ജെ പിയുടെ ആരോപണം.