ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസ്: ബി ജെ പി പ്രവര്‍ത്തകരുള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

Posted on: December 3, 2018 4:25 pm | Last updated: December 3, 2018 at 7:42 pm
SHARE

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ രണ്ടു ബി ജെ പി പ്രവര്‍ത്തകരടക്കം നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. മുകേഷ് ചൗധരി, മന്‍ഹാര്‍ പട്ടേല്‍ എന്നിവരാണ് പിടിയിലായ ബി ജെ പിക്കാര്‍. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഗുജറാത്ത് ബി ജെ പി നേതൃത്വം അറിയിച്ചു.

ഇന്നലെ മൂന്നു മണിക്ക് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സാമൂഹിക മാധ്യമത്തില്‍ ചോദ്യപേപ്പര്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 8.75 ലക്ഷം ഉദ്യോഗാര്‍ഥികള്‍ എഴുതേണ്ടിയിരുന്ന പരീക്ഷ റദ്ദാക്കിയിരുന്നു. 2,440 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കേണ്ടിയിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച അറിഞ്ഞയുടന്‍ പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്ന് പരീക്ഷാ നടത്തിപ്പു ചുമതലയുള്ള ലോകരക്ഷക് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍. വികാസ് സഹായ് വ്യക്തമാക്കി.

നിരീക്ഷണ കാമറകളും കാവല്‍ക്കാരുമുള്ള സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിട്ടും ചോദ്യപേപ്പര്‍ ചോരുകയായിരുന്നു. യുവാക്കളുടെ ഭാവി കൊണ്ട് പന്താടുകയാണ് ഗുജറാത്തിലെ ബി ജെ പി സര്‍ക്കാറെന്ന് കോണ്‍. വക്താവ് മനീഷ് ദോഷി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here