ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

Posted on: November 30, 2018 12:23 pm | Last updated: November 30, 2018 at 1:20 pm

ടെക്‌സാസ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. ടെക്‌സാസിലെ ജയ് ശക്തി ഗ്ലോബല്‍ ഇന്‍ കോര്‍പറേഷന്റെ കീഴിലുള്ള ഷോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന സുരേഷ് ഷാ (സാം-46) ആണ് ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഷോപ്പ് അടയ്ക്കുന്നതിനിടയില്‍ കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചെത്തിയയാള്‍ സുരേഷിനു നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ സുരേഷിനെ ലൂയിസ് വില്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മോഷണത്തിനെത്തിയ അക്രമിക്ക് ആവശ്യപ്പെട്ടതെല്ലാം ഷാ നല്‍കിയെങ്കിലും വെടിവെക്കുകയായിരുന്നുവെന്ന് പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളെ ഉദ്ധരിച്ച് പോലീസ് വെളിപ്പെടുത്തി. ഭാര്യക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ലിറ്റിള്‍ ഈലം എന്ന പ്രദേശത്താണ് ഷാ താമസിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.