Connect with us

Articles

സലാം മടക്കി ജെഫ്രിക്ക യാത്രയാകുമ്പോള്‍...

Published

|

Last Updated

ജെഫ്രി റെജിനോള്‍ഡ് വയസ്സില്‍ മൂത്ത ആളായതിനാല്‍ എന്തു വിളിക്കുമെന്നത് പരിചയപ്പെട്ട ആദ്യ നാളുകളില്‍ ഞങ്ങളെ പോലുള്ള ചെറുപ്പക്കാരുടെ വലിയൊരു കണ്‍ഫ്യൂഷനായിരുന്നു. കൂടുതലും ഇക്കമാരുള്ള പത്രങ്ങളിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നതിനാല്‍ അങ്ങനെ ഞങ്ങളില്‍ പലരും വിളിക്കാന്‍ സൗകര്യത്തിനിട്ട ഒരു പേരായിരുന്നു ജെഫ്രിക്ക.
വട്ടത്താടിയും മുഖത്തെ ഭാവങ്ങളുമെല്ലാം കണ്ടാല്‍ സിറാജിന്റെയും തേജസിന്റെയും ബ്യൂറോയിലേക്ക് കടന്നു വരുന്നവരെ സംബന്ധിച്ചിടത്തോളം ഇദ്ദേഹം ഇക്ക തന്നെയാണെന്നാണ് തോന്നുക. അങ്ങനെ ബ്യൂറോയിലേക്ക് കടന്നു വന്ന ആയിരങ്ങളുടെ സലാമിനാണ് ജെഫ്രിക്ക വലൈക്കും മുസ്സലാം എന്നു പറഞ്ഞ് പ്രതിവാദ്യം ചെയ്തത്.

വലിയ ബഹളങ്ങളുണ്ടാക്കിയ പത്രപ്രവര്‍ത്തകനായിരുന്നില്ല ജെഫ്രിക്ക. ഇമ്മ്ണി കൂടിയ കോപ്പി സര്‍ക്കുലേഷനുള്ള പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുമില്ല അദ്ദേഹം. പക്ഷേ, അത്തരം പത്രങ്ങളിലെ പത്രപ്രവര്‍ത്തകരെക്കാള്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികളുമായി ഏറെ ബന്ധമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. കാലിക്കറ്റ് ടൈംസ് പോലെ കോഴിക്കോട് നഗരത്തിന്റെ സ്പന്ദനങ്ങളിലൊന്നായിരുന്ന സായാഹ്ന പത്രങ്ങളിലൊന്നില്‍ പ്രവര്‍ത്തിച്ചതിന്റെ ഗുണമായിരിക്കും അത്. ഞങ്ങളെ പോലുള്ള പത്രപ്രവര്‍ത്തകരോട് ജനറേഷന്‍ ഗ്യാപ്പില്ലാതെ ഇടപഴകിയ വ്യക്തികളിലൊരാളായിരുന്നു ഇദ്ദേഹം. ജെഫ്രിക്കയെ പലരുമായി അടുത്ത ബന്ധമുണ്ടാക്കിച്ചതും ഈ സ്വഭാവം കൊണ്ടു തന്നെയായിരുന്നു.

എനിക്ക് തോന്നുന്നത് എവിടെയും മുന്‍ പിന്‍ നോക്കാതെ വിളിച്ചു പറയുന്ന സ്വഭാവക്കാരനായിരുന്നു ജെഫ്രിക്കയെന്നാണ്. ഇതു കൊണ്ട് പലപ്പോഴും അദ്ദേഹം പലരുടെയും അനിഷ്ടത്തിന് കാരണക്കാരനായിട്ടുണ്ട്. പ്രസ്സ് ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരിക്കല്‍ പത്രപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ ഗിഫ്റ്റ് വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോള്‍, ഏതോ ഒരു ഘട്ടത്തില്‍ ഗിഫ്റ്റ് പത്രക്കാരന്റെ അവകാശമാണെന്ന രീതിയിലുള്ള ഒരു സംസാരം വന്നു. ഉടനെ മറ്റുള്ളവരെല്ലാം അദ്ദേഹത്തിനു നേരെ തിരിഞ്ഞു. അവസാനം ഞാന്‍ ഉദ്ദേശിച്ചതെന്തെന്ന് അദ്ദേഹം വ്യക്തമാക്കി. അപ്പോഴാണ് തങ്ങളുദ്ദേശിച്ചതു പോലത്തെ വലിയ അര്‍ഥതലങ്ങള്‍ ഉദ്ദേശിച്ചല്ല, ജെഫ്രിക്ക ഇങ്ങനെ പറഞ്ഞതെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. പത്രങ്ങളില്‍ തന്നെ അവസാനം വരെ പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നl വ്യക്തിയായിരുന്നു അദ്ദേഹമെങ്കിലും അനാരോഗ്യം കാരണം അവസാനം മാഗസിന്‍ ജേര്‍ണലിസത്തിലേക്ക് മാറുകയായിരുന്നു.

കോഴിക്കോട്ടെ പത്രക്കാരില്‍ വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിട്ടില്ലെങ്കിലും തന്റെതായ കൈയ്യൊപ്പ് ചാര്‍ത്തുകയും വ്യതിരിക്തമായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത ആളായിരുന്നു ഞങ്ങള്‍ കുറെ ഇഷ്ടപ്പെട്ടയാളുകളുടെ ജെഫ്രിക്ക എന്ന ജെഫ്രി റെജിനോള്‍ഡ്.

 

Latest