Connect with us

National

കോണ്‍ഗ്രസിനായി പ്രചാരണം സജീവമാക്കി; തെലങ്കാനയെ ഇളക്കിമറിച്ച് അസ്ഹറുദ്ദീന്‍

Published

|

Last Updated

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസിനായി തെലങ്കാനയില്‍ പ്രചാരണം സജീവമാക്കി. പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി അദ്ദേഹത്തെ അവരോധിക്കുമെന്ന സൂചനകള്‍ക്കിടെയാണ് അസ്ഹര്‍ പ്രചാരണത്തിനിറങ്ങുന്നത്.
2009ലാണ് അസ്ഹറുദ്ദിന്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയത്. ആ വര്‍ഷം ഉത്തര്‍ പ്രദേശിലെ മുറാദാബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു. 2014ല്‍ കോണ്‍ഗ്രസ് വീണ്ടും സീറ്റ് നല്‍കിയെങ്കിലും ടോങ്ക്‌സവായ് മധോപൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന അസ്ഹര്‍ ഇപ്പോഴാണ് തെലങ്കാനയില്‍ വീണ്ടും സജീവമാകുന്നത്.

തിരിച്ചുവരാനുള്ള ആഗ്രഹം കഴിഞ്ഞ വര്‍ഷം അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തെലങ്കാനയില്‍ സജീവമാകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിര്‍ദേശം. എന്നാല്‍, സീറ്റ് നല്‍കാത്തതിനാല്‍ അസ്ഹര്‍ കോണ്‍ഗ്രസുമായി അകലുകയാണെന്ന പ്രചാരണം ഉണ്ടായിരുന്നു. സെക്കന്തരാബാദില്‍ നിന്ന് തന്നെ മത്സരിപ്പിക്കണമെന്ന് അസ്ഹര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തതോടെ അസ്ഹറിന്റെ സീറ്റ് മോഹം പൊലിഞ്ഞു.
ടി ഡി പിയുമായുണ്ടാക്കിയ സഖ്യം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സീറ്റ് നിഷേധിക്കുന്നതിനിടയാക്കിയെന്ന് അസ്ഹര്‍ നേരത്തെ ആരോപിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിലെ നീരസം ഒഴിവാക്കാന്‍ അസ്ഹറിനെ തെലങ്കാന പി സി സിയുടെ വര്‍ക്കിംഗ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്ത് വലിയ താരപരിവേഷമുള്ള അസ്ഹറിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കുന്നത് പാര്‍ട്ടിയുടെ ജനകീയാടിത്തറ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലിവില്‍ മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരാണ് പാര്‍ട്ടിക്കുള്ളത്. ഇവര്‍ക്ക് പുറമേയാണ് അസ്ഹറിനേയും പരിഗണിക്കുന്നത്.
ജെറ്റി കുസും കുമാര്‍, എം രേവന്ത് കുമാര്‍ മുന്‍ എംപി പൊന്നം രാധാകൃഷ്ണന്‍ എന്നിവരാണ് നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. കഴിഞ്ഞ വര്‍ഷം ടി ഡി പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ നേതാവാണ് എം രേവന്ത്കുമാര്‍.