മാന്‍സോള്‍

Posted on: November 28, 2018 8:04 pm | Last updated: November 28, 2018 at 8:04 pm

വര്‍ഷം മൂന്ന് കഴിഞ്ഞെങ്കിലും പാതി കുടിച്ച ആ ചായ ഗ്ലാസ് സമദ്ക്കാ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പാതിയില്‍ നിലച്ച ധീരതയുടെ മനുഷ്യസ്‌നേഹത്തിന്റെ പച്ച മനസ്സിന്റെ പ്രതീകമാണ് ആ ഗ്ലാസ്. കുടഞ്ഞുതെറിപ്പിക്കാനാകാത്ത വിധം ആ മനുഷ്യന്റെ രൂപവും അവസാന നോട്ടവും സമദിന്റെ തലച്ചോറിനെ വരിഞ്ഞുമുറുക്കും. ആ മനുഷ്യസ്‌നേഹിക്ക് അവസാനമായി ചായ നല്‍കാനുള്ള ഭാഗ്യം പക്ഷേ സമദിനുണ്ടായി. അന്നൊരു വ്യാഴാഴ്ചയായിരുന്നു. ആ പകലിന് മരണത്തിന്റെ ചൂടും ചൂരുമായിരുന്നു. മൂന്ന് ജീവനുകളാണ് വിഷവാതകം നിറഞ്ഞ മാലിന്യക്കുഴിയില്‍ പൊലിഞ്ഞത്.

2015 നവംബര്‍ 26 വ്യാഴം പകല്‍ പത്ത് മണി
കോഴിക്കോട്ട് കണ്ടംകുളം ക്രോസ് റോഡ് ജംഗ്ഷനിലെ ആള്‍നൂഴി വൃത്തിയാക്കാനിറങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശി ഭാസ്‌കരറാവു രാവിലെ പത്ത് മണിയോടെ തുളക്കുള്ളില്‍ ബോധരഹിതനായി. ഇത് കണ്ട് രക്ഷിക്കാനിറങ്ങിയ അദ്ദേഹത്തിന്റെ നാട്ടുകാരനും സുഹൃത്തുമായ നരസിംഹമൂര്‍ത്തിക്കും അപകടം പിണഞ്ഞു. രണ്ട് മനുഷ്യരുടെ പ്രാണന് വേണ്ടിയുള്ള നിലവിളിക്ക് മുന്നില്‍ സമദിന്റെ കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരുന്ന ഓട്ടോ ഡ്രൈവര്‍ നൗഷാദിന് പിടിച്ചു നില്‍ക്കാനായില്ല. ചായകുടി പൂര്‍ത്തിയാക്കാതെ കാക്കി പോലും ഊരിവെക്കാതെ 40 മീറ്റര്‍ അകലെയുള്ള ദുരന്ത സ്ഥലത്തേക്ക് പാഞ്ഞു. പിന്നെ പിടയുന്ന ആ മനുഷ്യജീവനുകളെ പിടിച്ചുയര്‍ത്താനുള്ള ശ്രമം. രക്ഷിക്കാനായി നീട്ടിക്കൊടുത്ത നൗഷാദിന്റെ കരങ്ങളില്‍ ജീവനു വേണ്ടി പിടഞ്ഞ തൊഴിലാളികള്‍ മുറുക്കിപ്പിടിച്ചു. അവരുടെ പിടിത്തത്തില്‍ നൗഷാദിനും അടിതെറ്റി. രണ്ട് തൊഴിലാളികള്‍ക്കൊപ്പം നന്മയുടെ ആ കാക്കിക്കുപ്പായവും വിസ്മൃതിയിലേക്ക്…

സാധാരണ സമദിന്റെ കടയില്‍ കയറി ചായ കുടിക്കുന്ന നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് നൗഷാദ്. പതിവനുസരിച്ച് ഉച്ച സമയത്താണ് വരവ്. ഒരുപാട് സംസാരിക്കും. അന്ന് ഒരു കല്യാണത്തിന് പോവാനുണ്ടെന്ന് പറഞ്ഞിരുന്നു. കുഴിയില്‍ ഇറങ്ങാന്‍ നേരവും നൗഷാദിനോന് ചോദിച്ചിരുന്നു: ‘ആ കാക്കി ഷര്‍ട്ട് അഴിച്ചു വെച്ചിട്ട് പോരേ, നിനക്ക് ഓട്ടോയില്‍ പോവേണ്ടതല്ലേ..’ അതിനൊന്നും മറുപടി തരാതെ താഴെയുള്ള ജീവനുകളെ രക്ഷിക്കാനായിരുന്നു അവന്റെ ശ്രമം. കുറച്ചു സമയത്തിന് ശേഷം അസ്വസ്ഥനാകുന്നതാണ് മുകളില്‍ നിന്ന് കാണാനായത്. അവസാനം മേല്‍പോട്ടൊന്ന് നോക്കി… ആ നോട്ടം വന്ന് പതിച്ചത് എന്റെ കണ്ണില്‍… ഒരിറ്റു ശ്വാസത്തിന് വേണ്ടിയുള്ള ആ യാചന എന്റെ മനസ്സിനെ ഇപ്പോഴും വല്ലാതെയുലയ്ക്കുന്നു- മാന്‍ഹോള്‍ ദുരന്തം തട്ടിക്കൊണ്ടുപോയ ആ പച്ചമനുഷ്യന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ തട്ടുകടക്കാരന്‍ സമദിക്കായുടെ കണ്ഠമിടറി, വാക്കുകള്‍ മുറിഞ്ഞു, കണ്ണുകള്‍ നിറഞ്ഞു.

മരിക്കുന്നതിന് ഏതാനും നിമിഷം മുമ്പ് മാത്രം പരിചയപ്പെട്ട നൗഷാദിന്റെ വീട്ടിലേക്ക് കഴിഞ്ഞ രണ്ട് തവണത്തേയും പോലെ ക്രിസ്മസിന് കേക്കുമായി ഞാന്‍ എന്തായാലും പോവും…. ആള്‍നൂഴി ദുരന്തത്തിന് ദൃക്‌സാക്ഷിയായ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത തൊട്ടടുത്ത കടയുടമയുടെ വാക്കുകളാണിത്. ഭാസ്‌കരറാവു മാന്‍ഹോളില്‍ കുടുങ്ങിയെന്നറിഞ്ഞപ്പോള്‍ ആദ്യം ഓടിയടുത്തത് ഞാനായിരുന്നു. ഉടനെ അയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെഡ്ഡിയും റാവുവിനെ രക്ഷിക്കാന്‍ ഇറങ്ങുകയാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു- ഇറങ്ങരുത്, അപകടമാണ്. റെഡ്ഡി പറഞ്ഞു- എന്റെ അയല്‍വാസിയാണ്. റാവുവില്ലാതെ എനിക്ക് നാട്ടിലേക്ക് പോവാന്‍ കഴിയില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ട് പേരും ഓടക്കുള്ളില്‍ കുടുങ്ങി ബോധരഹിതരായത് കണ്ടപ്പോള്‍ ഞാന്‍ ഇറങ്ങാനൊരുങ്ങി. മാന്‍ഹോളിലേക്ക് മൂന്ന് സ്റ്റെപ്പ് ഇറങ്ങിയപ്പോള്‍ എനിക്ക് ഒരു അശരീരി പോലെ അനുഭവപ്പെട്ടു. ഇറങ്ങരുത്, വിഷവായുവാണ്. തിരിച്ചു കയറി ഞാന്‍ കരഞ്ഞു. ഉറക്കെ കരഞ്ഞു, ഒരുപാട് പേര്‍ ഓടി വന്നു. കൂട്ടത്തില്‍ നൗഷാദ് എന്ന ഓട്ടോഡ്രൈവറും. ഇറങ്ങല്ലേ… അപകടമാണെന്ന് കേണപേക്ഷിച്ചെങ്കിലും നൗഷാദ് പറഞ്ഞു, ഏട്ടാ, ഞാന്‍ ഒരുപാട് പേരെ രക്ഷിച്ചിട്ടുണ്ട്, പ്രശ്‌നമില്ല…..നിമിഷങ്ങള്‍ക്കുള്ളില്‍ ജീവന് വേണ്ടി പിടയുന്ന തൊഴിലാളികള്‍ നൗഷാദിന്റെ കൈയില്‍ പിടിച്ചു തൂങ്ങിയെങ്കിലും വിധി മറിച്ചായിരുന്നു. അദ്ദേഹം ഗദ്ഗദത്തോടെ പറഞ്ഞുനിര്‍ത്തി.

2015 ഒക്‌ടോബര്‍ 17 ശനി
കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ജനം നാല് ഭാഗത്തേക്കും ചിതറിയോടുന്നതിനിടക്കാണ് നൗഷാദ് ഓട്ടോയുമായി ആ വഴിക്ക് വന്നത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനും പ്രാണരക്ഷാര്‍ഥം ഇറങ്ങിയോടി. നൗഷാദ് ഓട്ടോ നിരത്തിലൊതുക്കി നേരെ പോയത് തീപ്പിടിത്തമുണ്ടായയിടത്തേക്കാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിരിച്ച് ഓട്ടോയെടുക്കാന്‍ വന്നപ്പോഴാണ് ബാഗ് ശ്രദ്ധയില്‍ പെട്ടത്. തുറന്നു നോക്കിയപ്പോള്‍ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍. ആ യാത്രക്കാരനെ തേടിപ്പിടിക്കാന്‍ ഇനിയെന്ത് ചെയ്യും? നൗഷാദ് ശരിക്കും വിഷമിച്ചു. ഓട്ടോ നേരെ വിട്ടത് കോഴിക്കോട് ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക്. ബേഗ് സ്റ്റേഷനിലേല്‍പ്പിച്ച് പടിയിറങ്ങുമ്പോഴാണ് കണ്ടത്, ബാഗിന്റെ ഉടമസ്ഥനായ യാത്രക്കാരന്‍ ബേഗ് നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയതാണ്. നൗഷാദിന്റെ നന്മ നിറഞ്ഞ മനസ്സിന് മുമ്പില്‍ അയാള്‍ കണ്ണീരൊഴുക്കി. ആലിംഗനം ചെയ്തു. സമ്മാനമായി ചെറിയൊരു തുക ആ കാക്കിക്കുപ്പായത്തിന്റെ കീശയിലിട്ട് കൊടുത്തു. സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു നൗഷാദ്.

അല്‍ മദീന ഓട്ടം നിര്‍ത്തിയിട്ടില്ല
നന്മയുടെ അണയാത്ത ദീപമായി സമൂഹ മനസ്സാക്ഷിയില്‍ ഇന്നും വിരാചിക്കുകയാണ് നൗഷാദ്. അടുത്തറിയുന്നവര്‍ പോലും ‘നൗഷാദിനെ’ തിരിച്ചറിഞ്ഞത് മരണത്തിന് ശേഷമായിരുന്നുവെന്ന് മാത്രം. പ്രിയ മാതാവ് അസ്മാബി തന്നെ മകന്റെ പ്രവൃത്തികളെ അറിഞ്ഞത് മരണശേഷമാണ്. അവന്‍ ചെയ്ത സുകൃതങ്ങള്‍ പറഞ്ഞ് എത്രയെത്ര മനുഷ്യരാണ് ഈ വീട്ടില്‍ കയറിയിറങ്ങിയത്. നാടിന്റെ നാനാഭാഗത്ത് നിന്നും ഒരുപാട് കത്തുകള്‍ വന്നു… കവിതകളും പ്രാര്‍ഥനകളുമെല്ലാം അതിലുണ്ടായിരുന്നു.

നൗഷാദില്ലെങ്കിലും ആ ഓര്‍മകളും പേറി അല്‍ മദീന നഗരത്തിന്റെ നിരത്തുകളിലുണ്ട്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ സജീറാണ് ഡ്രൈവര്‍ സീറ്റിലുള്ളത്. നൗഷാദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്നാണ് സജീര്‍ പറയുന്നത്. ഒറ്റക്ക് കഴിയുന്ന വൃദ്ധര്‍ക്കും രോഗികള്‍ക്കും സഹായം, വൃദ്ധ സദനങ്ങളിലെ സേവനം, നടുറോഡില്‍ അപകടത്തില്‍ പെട്ട് കഴിയുന്നവരെ ആശുപത്രിയിലെത്തിക്കല്‍, ആണ്‍മക്കളില്ലാത്ത വയോധികര്‍ക്ക് തുണയാകല്‍ ഇങ്ങനെ എത്രയോ നന്മകളില്‍ നൗഷാദിനൊപ്പം പങ്കുചേരാനായിട്ടുണ്ടെന്നാണ് സജീറിന്റെ സാക്ഷ്യപ്പെടുത്തല്‍.

പ്രിയപ്പെട്ട നൗഷാദ്ക്കയെ മനസ്സില്‍ താലോലിക്കുന്ന നല്ലപാതി സഫ്രിയക്ക് ഇനിയും ആ ശൂന്യത ഒഴിഞ്ഞിട്ടില്ല. പ്രിയതമന്റെ ധീരകൃത്യത്തിനുള്ള സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ജോലി ചെയ്യുകയാണവര്‍. കോഴിക്കോട് സിവില്‍ സ്റ്റേഷനിലാണ് ഓഫീസ്. പിതാവ് സിദ്ദീഖും ഏക സഹോദരി ശബ്‌നയും ഭര്‍ത്താവ് സല്‍മാനും മക്കളായ സന ഫാത്വിമയും ഇശ ഫാത്വിമയുമെല്ലാം ആ ഓര്‍മയില്‍ കഴിയുന്നു.

ഇനി റോബോഹോളുകള്‍

മാന്‍ഹോളില്‍ മാലിന്യം നീക്കാന്‍ മനുഷ്യന് പകരം റോബോട്ടിനെ വികസിപ്പിക്കാനുള്ള ആശയത്തിന് പ്രേരകമായതും നൗഷാദിന്റെ ജീവത്യാഗമാണ്. ഈ വര്‍ഷമാദ്യം ‘ബാന്‍ഡികൂട്ട്’ അഥവാ പെരുച്ചാഴി റോബോട്ട് വികസിപ്പിക്കുകയും ചെയ്തു. മാന്‍ഹോളിനടുത്തെത്തിച്ചാല്‍ മതി ‘പെരുച്ചാഴി’ തനിയെ അടപ്പ് തുറന്നിറങ്ങിക്കോളും. എല്ലാം വൃത്തിയാക്കിയേ തിരികെ കയറൂ. ശുചീകരണത്തിന് മനുഷ്യര്‍ക്ക് പകരം കഴിഞ്ഞ ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് ഈ റോബോട്ട് ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

കേരള വാട്ടര്‍ അതോറിറ്റിയും സ്റ്റാര്‍ട്ട്അപ്പ് മിഷനും സംയുക്തമായി നടപ്പാക്കുന്ന കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ ഭാഗമായാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജെന്‍ റോബോട്ടിക്‌സ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് നിര്‍മാതാക്കള്‍. മാന്‍ഹോളുകളെ റോബോഹോളുകളാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജെന്‍ റോബോട്ടിക്‌സ് സ്ഥാപകരിലൊരാളായ അരുണ്‍ ജോര്‍ജ് പറയുന്നു.

സുഹൃത്തുക്കളായ എട്ട് പേരടങ്ങുന്ന സംഘമാണ് ജെന്‍ റോബോട്ടിക്‌സിന് പിറകില്‍. എല്ലാ അഴുക്കുചാലുകളും റോബോട്ട് ശുചീകരിക്കും. എവിടെയും തുരന്നുചെല്ലാനുള്ള കഴിവാണ് പെരുച്ചാഴിയെന്ന് പേരിടാനുള്ള കാരണം. എന്നാല്‍ ഒറ്റനോട്ടത്തില്‍ ‘ചിലന്തി’യാണിവന്‍. ചിലന്തിക്കു സമാനമായ കാലുകളുണ്ട്. ഇതുപയോഗിച്ച് ഏത് സ്ഥലത്ത് നില്‍ക്കാനും ചലിക്കാനും സാധിക്കും.