Connect with us

Kerala

ശബരിമലയില്‍ പ്രതിഷേധ പ്രകടനം വിലക്കി ഹൈക്കോടതി; നിരോധനാജ്ഞ നിലനില്‍ക്കും

Published

|

Last Updated

കൊച്ചി: ശബരിമല സന്നിധാനത്ത് പ്രതിഷേധ പ്രകടനം നടത്തരുതെന്ന് ഹൈക്കോടതി. ശബരിമലയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ ഭക്തര്‍ക്ക് നാമജപം നടത്താം. പോലീസിന് മാന്യമായി പരിശോധന നടത്തുന്നതിന് തടസമില്ല. അന്നദാനവും പ്രസാദവിതരണവും നേരത്തെ അവസാനിപ്പിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് പ്രത്യേക സ്ഥലം ഒരുക്കണം. പമ്പയിലും നിലയ്ക്കലും ശുചിമുറി സംവിധാനങ്ങള്‍ ഒരുക്കണം. കെഎസ്ആര്‍ടിസി മുഴുവന്‍ സമയവും സര്‍വീസ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ നിരീക്ഷണത്തിനു കോടതി മൂന്നംഗ പാനലിനെ നിയോഗിച്ചു. വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് എസ്.സിരിജഗന്‍, ജസ്റ്റിസ് പി.ആര്‍.രാമന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണു നിരീക്ഷകര്‍.

ശബരിമലയിലെ പോലീസ് നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. പൊലീസിന്റെ അതിരുവിട്ട ഇടപെടലുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചുവെങ്കിലും പോലീസില്‍ വിശ്വാസമുണ്ടെന്ന് കോടതി വിലയിരുത്തി.

Latest