ഫാക്ടറി തൊഴിലാളികള്‍ക്ക് ക്യാന്‍സര്‍; സാംസംഗ് കമ്പനി മാപ്പ് പറഞ്ഞു

Posted on: November 23, 2018 10:11 pm | Last updated: November 23, 2018 at 10:11 pm

സിയോള്‍: തങ്ങളുടെ ഫാക്ടറികളില്‍ ജോലി ചെയ്തതിന്റെ പേരില്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെട്ട മുഴുവന്‍ തൊഴിലാളികളോടും സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി മാപ്പ് പറഞ്ഞു. സാംസംഗ് കമ്പനിയുടെ സെമികണ്ടക്ടര്‍ ഫാക്ടറികളില്‍ ജോലി ചെയ്ത തൊഴിലാളികളെല്ലാം മാരകമായ രോഗങ്ങള്‍ക്ക് ഇരയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചിപ് നിര്‍മാണ കമ്പനികളിലൊന്നാണ് സാംസംഗ്. സാംസംഗ് ഇലക്ട്രോണിക് ഫാക്ടറികളുടെ വിവിധ തസ്തികകളില്‍ ജോലി ചെയ്തവരില്‍ 320 പേര്‍ക്ക് ക്യാന്‍സര്‍ ഉള്‍പ്പടെ മാരകമായ രോഗങ്ങള്‍ ബാധിച്ചിരുന്നു. ഇവരില്‍ 118 പേര്‍ ഇതിനകം മരിക്കുകയും ചെയ്തു.

കമ്പനിയില്‍ ജോലി ചെയ്തതിന്റെ പേരില്‍ രോഗത്തിന് ഇരകളായ എല്ലാ തൊഴിലാളികളോടും അവരുടെ കുടുംബാംഗങ്ങളോടും മാപ്പ് ചോദിക്കുന്നതായി കമ്പനിയുടെ കോ പ്രസിഡന്റ് കിം കിനാം പറഞ്ഞു. തങ്ങളുടെ എല്‍ സി ഡി ഫാക്ടറികളിലെയും സെമികണ്ടക്ടര്‍ ഫാക്ടറികളിലെയും തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധചെലുത്താന്‍ കഴിയാത്തത് തെറ്റായിപ്പോയെന്നും കമ്പനി കുറ്റസമ്മതം നടത്തി.

രോഗബാധിതരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഈ മാസം തുടക്കത്തില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ ഇനത്തില്‍ 1,33,000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1984 മുതല്‍ കമ്പനിയില്‍ ജോലി ചെയ്ത തൊഴിലാളികളും 16 വിഭാഗത്തിലുള്ള ക്യാന്‍സറുകളില്‍ ഏതെങ്കിലുമൊന്ന് ബാധിച്ചവര്‍ക്കും നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വലിയ കമ്പനിയാണ് സാംസംഗ്. ലോക രാജ്യങ്ങളില്‍ സാമ്പത്തികശക്തിയില്‍ ദക്ഷിണ കൊറിയക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്.