Connect with us

National

ജമ്മു കശ്മീര്‍: ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഉമര്‍ അബ്ദുല്ല

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ശ്രമങ്ങള്‍ നടക്കുന്നതിനിടെ, കുതിരക്കച്ചവടത്തിന് സാധ്യത ആരോപിച്ച് നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിയെ
രൂക്ഷമായി വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഉമര്‍ അബ്ദുല്ല. കുതിരക്കച്ചവടത്തിനും പണം നല്‍കിയുള്ള സ്വാധീനത്തിനും സാധ്യതയുണ്ടെന്ന ഗവര്‍ണര്‍ സത്യപാല്‍ സിംഗിന്റെ റിപ്പോര്‍ട്ടിലെ ആരോപണം തെളിയിക്കണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു.
രാജ്ഭവനിലെ ഫാക്‌സ് മെഷീന്‍ തകരാറിലായിരുന്നുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇത് പുതിയ സംഭവമൊന്നുമല്ല. ആ മെഷീനില്‍ ഓഫീസിനു പുറത്തേക്കു മാത്രമെ ഫാക്‌സ് അയക്കാന്‍ സാധിക്കൂ. അകത്തേക്കു പറ്റില്ല. ഇത്തരത്തിലുള്ള മെഷീനെ കുറിച്ച് അന്വേഷണം നടത്തണം- അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ എത്രയും പെട്ടെന്ന് കോടതിയെ സമീപിക്കുമെന്നും നേരത്തെ ഉയര്‍ന്ന കോണ്‍. നേതാവ് മനീഷ് തിവാരി പറഞ്ഞിരുന്നു. ജനാധിപത്യത്തിന്റെ സംഹാരമാണ് നടന്നിരിക്കുന്നതെന്നും തിവാരി ആരോപിക്കുകയുണ്ടായി.

നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി, കോണ്‍. കക്ഷികള്‍ ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചിരിക്കെയാണ് ഗവര്‍ണറുടെ നടപടി.
ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കലല്ല, അധികാരം കൈയടക്കല്‍ മാത്രമാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. ജൂണ്‍ 19ന് ബി ജെ പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പി ഡി പി സര്‍ക്കാര്‍ നിലംപതിച്ചതോടെ ഗവര്‍ണര്‍ ഭരണത്തിലാണ് സംസ്ഥാനം.