എംഎെ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Posted on: November 21, 2018 10:42 pm | Last updated: November 21, 2018 at 11:26 pm

കൊച്ചി: മികച്ച സംഘാടകനും വാഗ്മിയുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ദൂരനാടുകളില്‍ നിന്നുപോലും പ്രിയനേതാവിനെ കാണാന്‍ എറണാകുളത്തെത്തി. ചെന്നൈയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 12.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മയ്യിത്ത് കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ബെന്നി ബഹന്നാന്‍, കെ. ബാബു, എന്‍. വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍, അബ്ദുല്‍ മുത്തലിബ് എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. 2.20ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ആനി തയ്യില്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിച്ചു. പിന്നീട് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ടൗണ്‍ഹാളിലെത്തിച്ചു.

ടൗണ്‍ഹാളില്‍ ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു.
അന്തിമോപചാരമര്‍പ്പിക്കാന്‍ കക്ഷി, രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ടൗണ്‍ഹാളിലെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുവേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഗാര്‍ഖേ റീത്ത് സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വയലാര്‍ രവി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, എം പിമാരായ പ്രൊഫ. കെ വി തോമസ്, എം കെ രാഘവന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി പി ജെ കുര്യന്‍, മുന്‍ എം പിമാരായ പി സി ചാക്കോ,

കെ പി ധനപാലന്‍, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, ടി എച്ച് മുസ്തഫ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ്, യു ഡി എഫ് സെക്രട്ടറി ജോണി നെല്ലൂര്‍, എം എല്‍ എമാരായ വി ഡി സതീശന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, മേയര്‍ സൗമിനി ജയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, കെ എം ഐ മേത്തര്‍, എന്‍ വേണുഗോപാല്‍, ജയ്‌സണ്‍ ജോസഫ്, അബ്ദുല്‍ മുത്തലിബ്, വിജയലക്ഷ്മി ടീച്ചര്‍, ടി എന്‍ പ്രതാപന്‍, എ പി അനില്‍കുമാര്‍, സക്കീര്‍ഹുസൈന്‍, ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ്, മുന്‍ എ ജി. ടി ആസഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് തുടങ്ങി നിരവധി പേര്‍ ടൗണ്‍ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.