Connect with us

Kerala

ഗജ ചുഴലിക്കാറ്റ്: മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതെ തുടര്‍ന്ന് മൂന്ന് ജില്ലകളിലും രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ ഭരണകൂടങ്ങളും പോലീസ്, അഗ്നിശമനസേന, കെഎസ്ഇബി വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് വൈകീട്ട് ആറ് മുതല്‍ ഈ മാസം 20 വരെ തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും ഒരുകാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതിനോടകം ഈ മേഖലയില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും ഈ മാസം 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താന്‍ ആവശ്യപ്പെടാനും നിര്‍ദേശമുണ്ട്. കോസ്റ്റ് ഗാര്‍ഡ്, നേവി എന്നീ ഫോഴ്‌സുകള്‍ ഡോണിയര്‍ ഉപയോഗിച്ചും അവരവരുടെ കടലിലുള്ള കപ്പലുകള്‍ ഉപയോഗിച്ചും മത്സ്യതൊഴിലാളികളെ ഈ മുന്നറിയിപ്പ് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.