സന്നിധാനത്ത് വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചു; വെളിപ്പെടുത്തലുമായി തില്ലങ്കേരി

Posted on: November 12, 2018 11:07 am | Last updated: November 12, 2018 at 12:53 pm

കോഴിക്കോട്: ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തില്ലങ്കേരി.

സന്നിധാനത്ത് എത്തിയ വനിതാ പോലീസുകാരില്‍ ഒരാളുടെ പ്രായത്തില്‍ സംശയമുണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവിന്റെ പ്രായം 49 ആയിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ല്‍ താഴെയാകുമെന്ന് സംശയമായി. തുടര്‍ന്ന് ശബരിമലയിലുണ്ടായിരുന്ന രണ്ട് എസ്പി മാരെ വിവരം അറിയിച്ചു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ച് ശേഷം ഇവരെ കടത്തിവിടുകയായിരുന്നുവെന്നും തില്ലങ്കേരി പറയുന്നു.

ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തിക്ക് എന്തെല്ലാം നേടാന്‍ സാധിക്കുമോ അതിന്റെ തെളിവാണിത്. ചെറുപ്പക്കാരികളായ 50 വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പോലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.