ഉത്തര ലണ്ടനില്‍ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണ വിഗ്രഹങ്ങള്‍ കവര്‍ന്നു

Posted on: November 11, 2018 8:09 pm | Last updated: November 11, 2018 at 8:50 pm

ലണ്ടന്‍: ഉത്തര ലണ്ടനില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ കവര്‍ന്നു. വില്ലെസ്ഡന്‍ ലെയിനിലെ സ്വാമിനാരായണ്‍ ക്ഷേത്രം കുത്തിത്തുറന്നാണ് 1970ല്‍ നിര്‍മിച്ച മൂന്ന് അമൂല്യമായ കൃഷ്ണ വിഗ്രഹങ്ങളുള്‍പ്പടെ കവര്‍ന്നതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച നിരവധി സമുദായാംഗങ്ങള്‍ പങ്കെടുത്ത ദീപാവലി ആഘോഷം നടന്ന് മണിക്കൂറുകള്‍ക്കകമാണ് മോഷണം.
സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

1975ല്‍ ക്ഷേത്രം നിര്‍മിച്ച കാലം മുതല്‍ ക്ഷേത്രത്തിലുണ്ടായിരുന്നതും മതപരമായി മഹത്വമേറിയതുമായ ഹരികൃഷ്ണ വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ക്ഷേത്ര സമിതി പ്രസി. കുര്‍ജിഭായ് കേര പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സി സി ടി വി ദൃശ്യങ്ങളുടെ അവലോകനവും ഫോറന്‍സിക് പരിശോധനയും നടത്തിവരികയാണ്.