മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനെ മര്‍കസില്‍ ആദരിച്ചു

മദ്‌റസ അധ്യാപകരുടെ തൊഴില്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയാണ് ക്ഷേമനിധി രൂപവത്കരിച്ചതിലൂടെ സര്‍ക്കാര്‍ നിര്‍വഹിച്ചതെന്നും പുതിയ കമ്മിറ്റിക്ക് പ്രശംസനീയമായ വിധത്തില്‍ സേവനം ചെയ്യാന്‍ കഴിയട്ടെയെന്നും കാന്തപുരം പറഞ്ഞു.
Posted on: November 10, 2018 4:29 pm | Last updated: November 10, 2018 at 4:29 pm

കോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി അബ്ദുല്‍ ഗഫൂര്‍, മെമ്പര്‍ അഡ്വ. എ കെ ഇസ്മാഈല്‍ വഫ എന്നിവരെ മര്‍കസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മദ്‌റസ അധ്യാപകരുടെ തൊഴില്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയാണ് ക്ഷേമനിധി രൂപവത്കരിച്ചതിലൂടെ സര്‍ക്കാര്‍ നിര്‍വഹിച്ചതെന്നും പുതിയ കമ്മിറ്റിക്ക് പ്രശംസനീയമായ വിധത്തില്‍ സേവനം ചെയ്യാന്‍ കഴിയട്ടെയെന്നും കാന്തപുരം പറഞ്ഞു.

മര്‍കസിനെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന വ്യക്തിയാണ് താനെന്നും ഇവിടെ ആദ്യത്തെ സ്വീകരണം ലഭിച്ചത് അനുഗ്രഹമായി മനസ്സിലാക്കുന്നുവെന്നും പി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. മദ്‌റസ അധ്യാപകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുകയും എല്ലാവരെയും അംഗങ്ങളാക്കി സര്‍ക്കാറിന്റെ സേവങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിച്ചു. ചടങ്ങില്‍ പി അബ്ദുല്‍ ഗഫൂറിനും അഡ്വ. എ കെ ഇസ്മാഈല്‍ വഫക്കുമുള്ള മര്‍കസിന്റെ ആദരവ് കാന്തപുരം കൈമാറി.