സംഘപരിവാര്‍ എതിര്‍പ്പുകള്‍ക്കിടെ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം

Posted on: November 10, 2018 11:50 am | Last updated: November 10, 2018 at 1:18 pm

ബെംഗളുരു: ബിജെപിയുടേയും മറ്റ് സംഘപരിവാര്‍ സംഘടനകളുടേയും ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നു. ടിപ്പു സുല്‍ത്താന്‍ ജയന്തിക്കെതിരായ പ്രതിഷേധങ്ങളെ മുന്‍നിര്‍ത്തി കുടക്, ചിത്രദുര്‍ഗ, ശ്രീരംഗപട്ടണം എന്നിവടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടിപ്പു ജയന്തി ആഘോഷിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ടിപ്പു ജയന്തിയെ ജെഡിഎസ് എതിര്‍ത്തിരുന്നുവെങ്കിലും സഖ്യസര്‍ക്കാര്‍ നിലവില്‍ വന്നതോടെ ജെഡിഎസ് നിലപാട് മാറ്റുകയായിരുന്നു.അതേ സമയം ആഘോഷ പരിപാടി ഉപമുഖ്യമന്ത്രി ജി പരമേശ്വരയാണ് ഉദ്്ഘാടനം ചെയ്യുക. വിഷയത്തില്‍ സര്‍ക്കാരില്‍ ഭിന്നതയുള്ളത്‌കൊണ്ടാണ് മുഖ്യമന്ത്രി കുമാരസ്വാമി ജയന്തി ഉദ്ഘാടനം ചെയ്യാത്തതെന്ന് റിപ്പോര്‍്ട്ടുകളുണ്ട്. അതേ സമയം ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.