ജനപ്രതിനിധി സഭയിലെ ആധിപത്യം നഷ്ടപ്പെട്ടതിന് പിന്നാലെ യു എസ് അറ്റോര്‍ണി ജനറലിനെ തെറിപ്പിച്ചു

Posted on: November 8, 2018 10:23 pm | Last updated: November 8, 2018 at 10:23 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആധിപത്യം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനകം അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് പുറത്താക്കി. പ്രസിഡന്റിനയച്ച കത്തില്‍, താന്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനം രാജിവെക്കുകയാണെന്ന് ജെഫ് സെഷന്‍സ് വ്യക്തമാക്കി. താങ്കളുടെ അഭ്യര്‍ഥന പ്രകാരം താന്‍ രാജിവെക്കുന്നുവെന്ന കത്തിലെ പരാമര്‍ശം അമേരിക്കയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അറ്റോര്‍ണി ജനറലായി നടത്തിയ സേവനത്തിന് നന്ദി അറിയിച്ച ട്രംപ്, ഭാവിയില്‍ നല്ലത് സംഭവിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ട്വിറ്ററിലാണ് ട്രംപ് മുന്‍ അറ്റോര്‍ണി ജനറലിന് നന്ദി അറിയിച്ചത്. മറ്റൊരു പ്രഖ്യാപനം ഉണ്ടാകുന്നത് വരെ സെഷന്‍സ് ചീഫ് ഓഫ് സ്റ്റാഫ് മാത്യൂ ജി വിട്ടേക്കര്‍ താത്കാലികമായി അറ്റോര്‍ണി ജനറലിന്റെ സ്ഥാനം വഹിക്കുമെന്നും ട്രംപ് അറിയിച്ചു.

നിയമം നടപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതില്‍ താന്‍ ആത്മാഭിമാനം കൊള്ളുന്നുവെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും കത്തില്‍ ജെഫ് സെഷന്‍സ് ചൂണ്ടിക്കാട്ടി. കുടിയേറ്റ വിരുദ്ധ അജണ്ട നടപ്പാക്കുന്നതില്‍ ട്രംപിനോടൊപ്പം സഹകരിച്ച ആളായിരുന്നു ജെഫ് സെഷന്‍സ്. എന്നാല്‍ 2016ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന ആരോപണത്തില്‍ ജെഫ് സെഷന്‍സ് അമേരിക്കന്‍ പ്രസിഡന്റുമായി ഇടഞ്ഞിരുന്നു. ഈ അന്വേഷണത്തില്‍ നിന്ന് സെഷന്‍സ് പിന്മാറിയതോടെയാണ് ട്രംപുമായി കൊമ്പുകോര്‍ക്കേണ്ടിവന്നിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ സെഷന്‍സുമായുള്ള അഭിപ്രായവ്യത്യാസവും എതിര്‍പ്പും പരസ്യമായി വിളിച്ചുപറയാന്‍ ട്രംപ് മടി കാണിച്ചിരുന്നില്ല.

അമേരിക്കന്‍ നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോര്‍ണി ജനറലിന്റെത്. അലബാമയില്‍ നിന്നുള്ള സെനറ്ററായ സെഷന്‍സ് ട്രംപിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ളയാളായിരുന്നു. സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റി അംഗമായിരിക്കെ സെഷന്‍സ് കഴിഞ്ഞ വര്‍ഷം രണ്ട് തവണ റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അമേരിക്കന്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിരുന്നു.