Connect with us

International

യുഎസ് തിരഞ്ഞെടുപ്പ്; ആദ്യഫല സൂചനകളില്‍ ട്രംപിന് തിരിച്ചടി

Published

|

Last Updated

ന്യൂയോര്‍ക്ക്: ഏറെ ഉറ്റുനോക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂല വിധിയെഴുത്തുണ്ടായപ്പോള്‍ ജനപ്രതിനിധിസഭയിലാണ് ട്രംപിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

ഇന്ത്യാനയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ ഗ്രെഗ് പെന്‍സ് ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു. സെനറ്റില്‍ ഫലം വന്ന മസാച്യുസെറ്റ്‌സില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വന്തന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണ സെന്‍ഡേഴ്‌സിസ് വിജയം കണ്ടു.

ആദ്യ ഘട്ട കണക്കുകള്‍ പ്രകാരം വോട്ടു ചെയ്ത 55 ശതമമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയെന്നാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 ശതമാനം ട്രംപിനെ പിന്തുണച്ചുവെന്നും എക്‌സിറ്റ്‌പോള്‍ വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സമഭയില്‍ ഭൂരിപക്ഷം നേടിയാല്‍ അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണിത്.

ജനപ്രതിനിധിസഭയിലെ മുഴുവന്‍ സീറ്റിലേക്കും (435) സെനറ്റിലെ 35 സീറ്റിലേക്കും 36 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര മേഖലകളിലെയും ഗവര്‍ണര്‍ പദവിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് 2020ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ട്രംപിന് വിജയ സാധ്യതയേറ്റുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. ഇടക്കാല തിരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും പ്രസിഡന്റിന്റെ കാലാവധിയെ ബാധിക്കില്ല.