റെഡ്ഢി ഇഫക്ട് ഏശിയില്ല; ബെല്ലാരിയില്‍ വിജയിച്ചത് ശിവകുമാര്‍ തന്ത്രങ്ങള്‍

Posted on: November 7, 2018 9:18 am | Last updated: November 7, 2018 at 10:40 am

ബെംഗളൂരു: റെഡ്ഢി സഹോദരന്മാരോ അവരുടെ അനുയായികളോ മാത്രം വിജയിച്ചുവന്നിരുന്ന ബെല്ലാരിയില്‍ ഇത്തവണ ബി ജെ പിക്ക് കാലിടറി. ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി ജെ പിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത് ബെല്ലാരിയിലെ തോല്‍വിയായിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും ബെല്ലാരിയിലെ പരാജയം പാര്‍ട്ടിക്കേറ്റ അപ്രതീക്ഷിത ആഘാതമായി. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങളാണ് ഇവിടെ കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തത്. സോണിയാഗാന്ധിക്കും കോലൂര്‍ ബസവന ഗൗഡക്കും ശേഷമാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ഉഗ്രപ്പ ജയിച്ചുകയറുന്നത്.

കര്‍ണാടക രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തിവന്ന റെഡ്ഢി സഹോദരന്മാരുടെ തട്ടകമായാണ് ബെല്ലാരി എക്കാലവും അറിയപ്പെടുന്നത്. ഖനി രാജാവ് ജനാര്‍ദന റെഡ്ഢിയുടെ വലംകൈയായ ശ്രീരാമലുവിന്റെ സഹോദരി ശാന്തയെ കളത്തിലിറക്കി പ്രചാരണം നടത്തിയ ബി ജെ പിക്ക് ദയനീയ തോല്‍വിയാണ് നേരിട്ടത്. റെഡ്ഢി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ നെയ്‌തെടുത്ത തന്ത്രങ്ങളാണ് ബെല്ലാരിയില്‍ ലക്ഷ്യം കണ്ടത്. ശിവകുമാറാണ് ബെല്ലാരിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ജനങ്ങളുടെ മനസ്സറിഞ്ഞ് ചടുലമായ പ്രചാരണം നടത്തിയ കോണ്‍ഗ്രസിനൊപ്പം ജനം നിലകൊണ്ടു. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെന്ന് പറഞ്ഞ് ഉഗ്രപ്പക്കെതിരെ ബി ജെ പി വ്യാപകമായ പ്രചാരണം നടത്തിയെങ്കിലും ഇത് ഏശിയില്ല. ഉഗ്രപ്പക്ക് സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പൂര്‍ണപിന്തുണ ലഭിച്ചതോടെ വിജയം എളുപ്പമായി.
2004 മുതല്‍ തുടര്‍ച്ചയായി താമര വിരിഞ്ഞ മണ്ഡലമായ ബെല്ലാരിയില്‍ ഇത്തവണ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് മുന്നില്‍ കാവിക്കോട്ടകള്‍ തകര്‍ന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനാര്‍ദന റെഡ്ഢിയുടെ സഹോദരങ്ങളെ കൂട്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി ജെ പിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ ജനാര്‍ദന റെഡ്ഢിയെ രംഗത്തിറക്കിയാണ് ബി ജെ പി പ്രചാരണം നയിച്ചത്. അന്നും പാര്‍ട്ടിക്ക് കാര്യമായ മേധാവിത്വം നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 85,144 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി ശ്രീരാമലു ഇവിടെ നിന്ന് ലോക്‌സഭയിലെത്തിയത്.

ഇന്നലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ഉഗ്രപ്പ ഒരുഘട്ടത്തിലും ലീഡ് നിലയില്‍ താഴെ വന്നില്ലെന്നതും ശ്രദ്ധേയമാണ്. ഉച്ചക്ക് 12 വരെയുള്ള കണക്കനുസരിച്ച് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡാണ് ഉഗ്രപ്പ നേടിയത്. തങ്ങളുടെ ഉറച്ച സീറ്റായിരുന്ന ബെല്ലാരി പിടിക്കാന്‍ ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്തയെ കളത്തിലിറക്കിയിട്ടും ജനങ്ങള്‍ പാര്‍ട്ടിയെ കൈവിടുകയായിരുന്നു.
2009ല്‍ ശാന്ത ബെല്ലാരിയില്‍ നിന്ന് നേടിയ വിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന കക്കുകൂട്ടലിലാണ് ശാന്തയെ രംഗത്തിറക്കിയത്. എന്നാല്‍, ബി ജെ പിയുടെ പ്രതീക്ഷക്കാണ് ജനങ്ങള്‍ തിരിച്ചടി നല്‍കിയത്. ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് ബെല്ലാരി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് ആരവമുയര്‍ന്നത്. ബി ജെ പിക്കും കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനും ബെല്ലാരി വിജയിക്കുക എന്നത് അവരുടെ അഭിമാന പ്രശ്‌നമായിരുന്നു. തങ്ങളുടെ ഉരുക്കുകോട്ട കൈവിട്ടതിന്റെ നടുക്കത്തിലാണ് ഇപ്പോള്‍ ബി ജെ പി നേതൃത്വം.
14 വര്‍ഷമായി ബി ജെ പി കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമാണ് ബെല്ലാരി. ഇവിടത്തെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി ബഹുദൂരം പിറകോട്ട് പോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടത്തെ ഭൂരിഭാഗം നിയമസഭാ സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു.