കലാപത്തിന് കോപ്പുകൂട്ടാന്‍ അയ്യപ്പ ഭക്തനെ പോലീസ് മര്‍ദിക്കുന്ന വ്യാജ ചിത്രം പ്രചരിക്കുന്നു

Posted on: November 5, 2018 9:22 am | Last updated: November 5, 2018 at 10:21 am

തിരുവനന്തപുരം: അയ്യപ്പ ഭക്തനെ പോലീസ് ആക്രമിക്കുന്ന വ്യാജചിത്രം സമൂഹ മാധ്യമങ്ങളില്‍ പടര്‍ത്തി കലാപ ശ്രമം. അയ്യപ്പ വിഗ്രഹം നെഞ്ചില്‍ ചേര്‍ത്തുനില്‍ക്കുന്ന ശബരിമല തീര്‍ഥാടകനെ പോലീസ് ചവിട്ടുന്നതും തലയറുക്കാന്‍ ശ്രമിക്കുന്നതുമായി ചിത്രീകരിച്ചിരിക്കുന്നതാണ് ഫോട്ടോകള്‍. ഏതാനും ദിവസങ്ങളായി ഇത്തരം വ്യാജ പ്രചാരണം നടക്കുന്നുണ്ട്.

പോലീസ് ബൂട്ടുകൊണ്ട് ഭക്തന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുന്നതായും അരിവാള്‍ കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിക്കുന്നതുമായാണ് ചിത്രീകരണം. മാവേലിക്കര സ്വദേശിയായ രാജേഷ് കുറുപ്പ് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് ചിത്രം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്നാണ് വിശദീകരണം. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടില്‍ ശബരിമല തീര്‍ഥാടകനായി അഭിനയിച്ചിരിക്കുന്നതും.

അതേസമയം, ഫോട്ടോഷൂട്ട് ചിത്രങ്ങളെ ട്രോളി കേരള പോലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു ഫോട്ടോ ഷൂട്ട് ബിപ്ലവം എന്ന തലക്കെട്ടോടെ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദ ചിത്രങ്ങള്‍ പടര്‍ന്നതോടെ ഇവ ആദ്യം പോസ്റ്റ് ചെയ്ത രാജേഷ് കുറുപ്പ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ഇവ പിന്‍വലിച്ചു. നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ യഥാര്‍ഥ സംഭവചിത്രം എന്ന വ്യാജേന എത്തിയ ചിത്രങ്ങള്‍ പതിനായിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തു. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലെല്ലാം ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ചിത്രം പ്രചരിക്കുന്നുണ്ട്.

ചിത്തിര ആട്ടവിശേഷ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കവെയാണ് വ്യാജ ചിത്രത്തിന്റെ പ്രചാരം ഏറിയത്. വ്യാജപ്രചാരണത്തിനെതിരെ ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി പേര്‍ എതിര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.