ഇനി നമുക്ക് വിത്ത് കുത്തി തിന്നാം

ഇനിയിപ്പോള്‍ പണം കണ്ടെത്താന്‍ ഒരൊറ്റ വഴിയേയുള്ളൂ. കരുതല്‍ ധനമായി റിസര്‍വ് ബേങ്ക് കൈവശം വെക്കുന്ന പണത്തില്‍ കൈവെക്കുക. അതില്‍ വലിയൊരു ഭാഗം സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുക. ഓരോ വര്‍ഷവും ഡിവിഡന്റായി വലിയ തുക റിസര്‍വ് ബേങ്ക് കേന്ദ്ര ഖജനാവിലേക്ക് നല്‍കാറുണ്ട്. അതിന് പുറമെയാണ് കരുതല്‍ ധനത്തിന്റെ ഭാഗം വേണമെന്ന ആവശ്യം. അതായത് വിത്ത് കുത്തി അരിയാക്കി ഊണുകഴിക്കേണ്ട അവസ്ഥയിലേക്ക് രാജ്യമെത്തി എന്ന് അര്‍ഥം. വളര്‍ച്ചയുടെ വലിയ കണക്കും സാമ്പത്തിക ശക്തിയായി വളരുന്നതിന്റെ അഭിമാനവും പങ്കുവെച്ചവര്‍ ചെലവിനായി കരുതല്‍ ധനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍, നാലര വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുവെന്നാണ് മനസ്സിലാക്കേണ്ടത്.
Posted on: November 5, 2018 8:45 am | Last updated: November 4, 2018 at 9:43 pm

പണമില്ല. തീരെയില്ലെന്നല്ല. അന്നന്നത്തെ കാര്യങ്ങള്‍ നടന്നുപോകും. അതിനപ്പുറത്തുള്ളത് പ്രയാസം. കുറേ കാര്യങ്ങള്‍ കടം വാങ്ങി നിവര്‍ത്തിക്കുന്നു. പക്ഷേ, പൊങ്ങച്ചത്തിനൊപ്പിച്ച് ഒന്നും നടക്കുന്നില്ല. അക്കാര്യം പുറമേക്ക് പറയാന്‍ വയ്യ. രാജ്യം സാമ്പത്തികശക്തിയാകാന്‍ കുതിക്കുന്നുവെന്നും വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുന്ന കാലം അകലെയല്ലെന്നുമാണല്ലോ വീരവാദം. ഖജാനയില്‍ വേണ്ടത്ര പണമില്ലെന്ന് എങ്ങനെ പറയും?

കൈവശമുള്ള പണത്തിനാണെങ്കില്‍ വിലയിടിവ്. രാജ്യാതിര്‍ത്തിക്ക് പുറത്തു നിന്ന് വാങ്ങുന്നതിനൊക്കെ കൂടുതല്‍ പണം നല്‍കണം. ഏറ്റവുമധികം വാങ്ങേണ്ടത് അസംസ്‌കൃത എണ്ണയാണ്. അതിന് തന്നെ വില കൂടി. പുറമെയാണ് പണത്തിന്റെ വിലയിടിവ്. കൂടുതല്‍ പണം നല്‍കി എണ്ണ വാങ്ങി വില്‍ക്കുമ്പോള്‍ കൈ നഷ്ടം വരാതെ നോക്കണം. സ്വന്തം പോക്കറ്റിന് നഷ്ടമുണ്ടാകാതെ നോക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഇന്ധനം വില്‍ക്കുന്ന പാവപ്പെട്ട കോടീശ്വരന്മാര്‍ക്ക് നഷ്ടം വരാതെ നോക്കുക എന്നത്. അതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ക്കൊക്കെ വില കൂട്ടാന്‍ പറഞ്ഞു. അതങ്ങനെ കൂട്ടിക്കൂട്ടി പോകുമ്പോഴാണ് അഞ്ചിടത്ത് തിരഞ്ഞെടുപ്പ് വന്നത്. ഇന്ധന വില കൂടിയാല്‍, അവശ്യ വസ്തുക്കളുടെയൊക്കെ വില ഉയരും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതങ്ങനെ കൂടിയാല്‍ വോട്ട് കിട്ടില്ല. അതിനാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂട്ടുന്നത് തത്കാലം നിര്‍ത്തി. കൈ നഷ്ടം വന്നുതുടങ്ങി. വലിയ തിരഞ്ഞെടുപ്പ് വരാനിക്കുന്നതിനാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇനിയങ്ങോട്ട് കൂട്ടാനാകില്ല. കൈ നഷ്ടം കൂടുമെന്ന് ചുരുക്കം.

മൊത്തത്തില്‍ കണക്കൊപ്പിച്ച് ബജറ്റ് അവതരിപ്പിക്കുക എന്നത് ആചാരമാണ്. അതനുസരിച്ച് വരുത്താവുന്ന ധനക്കമ്മിക്ക് നിയന്ത്രണമുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.3 ശതമാനം. ഏതാണ്ട് ആറ് ലക്ഷം കോടി രൂപ. ഇതിന്റെ 94.7 ശതമാനം ആഗസ്റ്റ് അവസാനമായപ്പോഴേക്കും എത്തിക്കഴിഞ്ഞു. ധനവര്‍ഷത്തില്‍ ബാക്കിയായ ഏഴ് മാസത്തില്‍ സാധ്യമാകുന്ന അധികച്ചെലവ് 5.3 ശതമാനം മാത്രം. പതിവ് ചെലവുകള്‍ നടത്തിയാല്‍ തന്നെ ധനക്കമ്മി കുതിച്ചുയരുമെന്ന് ഉറപ്പ്. അതിന് പിറകെയാണ് ഇന്ധനവില നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടിവരുന്ന പണം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊതുവിപണിയിലേക്ക് ഇറങ്ങുന്ന പണം വലിയ തോതില്‍ കുറയുമെന്ന് ചുരുക്കം. പൊങ്ങച്ചപ്പദ്ധതികള്‍ക്ക് ഇതിനകം കിട്ടിയിരുന്ന നാമമാത്രമായ പണം പോലും ഇനിയങ്ങോട്ട് കിട്ടില്ല.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞാല്‍ കമ്പോളത്തില്‍ പണം കുറയും. കമ്പോളത്തില്‍ പണം കുറഞ്ഞാല്‍ വാങ്ങല്‍ കുറയും, വാങ്ങല്‍ കുറഞ്ഞാല്‍ നിര്‍മാണം/ഉത്പാദനം കുറയും. ഇപ്പോള്‍ തന്നെയുള്ള മുരടിപ്പ് കൂടും. ഈ സ്ഥിതിക്ക് ചെറിയ മാറ്റമെങ്കിലുമുണ്ടാകണമെങ്കില്‍ ബേങ്കുകളില്‍ നിന്ന് വായ്പയായി കൂടുതല്‍ പണം എത്തണം. അത് നടക്കണമെങ്കില്‍ ബേങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ സാധിക്കണം. വന്‍കിടക്കാരുടെ കിട്ടാക്കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതിന് ശേഷവും രാജ്യത്തെ പ്രമുഖ ബേങ്കുകളുടെ കിട്ടാക്കടത്തോത് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഇനിയും വായ്പ നല്‍കിയാല്‍ ബേങ്കുകളുടെ സാമ്പത്തിക ഭദ്രത തകരുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ വായ്പകള്‍ പുതുതായി നല്‍കുന്നതില്‍ നിന്ന് ബേങ്കുകളെ വിലക്കുകയും ചെയ്തു.

ഇതിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുക ചെറുകിട – ഇടത്തരം വ്യവസായ, വാണിജ്യ സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലേക്ക് വലിയ സംഭാവന നല്‍കുന്നത്, ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത്. കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നോട്ട് പിന്‍വലിച്ചതും ജി എസ് ടി തിരക്കിട്ട് നടപ്പാക്കിയതും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആവശ്യത്തിന് വായ്പ കൂടി കിട്ടാത്ത സ്ഥിതി കൂടിയുണ്ടായാല്‍ പ്രതിസന്ധി രൂക്ഷമാകും. അത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും, തൊഴില്‍ നഷ്ടത്തിനും കാരണമാകും. വൈകിയാണെങ്കിലും ഈ പ്രശ്‌നം കേന്ദ്ര സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് 59 മിനുട്ടുകൊണ്ട് വായ്പ എന്ന പുതിയ പദ്ധതി ദീപാവലി സമ്മാനമെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പക്ഷേ, ഈ പദ്ധതിയനുസരിച്ച് വായ്പ ലഭിക്കുക മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന, നിലവിലുള്ള വായ്പകളുടെ തിരിച്ചടവൊക്കെ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്. പ്രതിസന്ധിയിലുള്ളവയ്ക്ക് കരകയറാനുള്ള അവസരം ദീപാവലി സമ്മാനത്തിലില്ല തന്നെ.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമൊഴുക്ക് കുറയുകയും ബേങ്കുകളില്‍ നിന്നുള്ള വായ്പയുടെ ഒഴുക്ക് നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യം പൊടുന്നനെ ഉണ്ടായതല്ല. 2014 മെയില്‍ എന്‍ ഡി എ അധികാരത്തിലെത്തിയ ശേഷം അധികാരമൊന്നാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ, വിവിധ തലങ്ങളിലുള്ള ആസൂത്രണം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. മന്ത്രാലയങ്ങള്‍ക്കോ സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ സാധിക്കാതെയുമായി. ഇപ്പോള്‍ അഭിമൂഖീകരിക്കുന്ന വലിയ പ്രതിസന്ധിയുടെ മുഖ്യ കാരണം ഇതാണ്.

ബേങ്കുകളുടെ കിട്ടാക്കടത്തിന്റെ കണക്കും കുടിശ്ശിക വരുത്തിയ വന്‍കിടക്കാരുടെ പട്ടികയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ധനമന്ത്രാലയത്തിനും കൊടുത്തു. കുടിശ്ശിക പിരിച്ചെടുത്ത് ബേങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തില്ല നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ ധനമന്ത്രാലയം, രഘുറാം രാജന്റെ റിപ്പോര്‍ട്ട് തുറന്നുപോലും നോക്കാതെ ഭദ്രമായി സൂക്ഷിച്ചു. കുടിശ്ശിക വരുത്തിയവരില്‍ ഭൂരിഭാഗവും നരേന്ദ്ര മോദിയ്ക്ക് വേണ്ടപ്പെട്ടവരാകയാലാണ്, നടപടിയെടുത്ത് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചതെന്ന് ആരോപണമുണ്ട്. പട്ടികയിലുള്ള വേണ്ടപ്പെട്ടവരെ മാറ്റിനിര്‍ത്തി ബാക്കിയുള്ളവര്‍ക്കെതിരെ മാത്രം നടപടിക്ക് നിര്‍ദേശിക്കാനാകില്ലല്ലോ! കുടിശ്ശികക്കാരില്‍ മുമ്പന്തിയിലുള്ള വ്യവസായ പ്രമുഖന്റെ കമ്പനിയെ പ്രതിരോധക്കരാറിന്റെ ഭാഗമായി സഹായിക്കുകയും ചെയ്തു പ്രധാനമന്ത്രിയെന്ന ആരോപണവും ഉയരുകയാണ്.

ചുരുക്കത്തില്‍ ഇപ്പോഴത്തെ അവസ്ഥക്ക് മുഖ്യ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലാതെ മറ്റാരുമല്ല. ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ കണ്ണില്‍പ്പൊടിയിടാനെങ്കിലും ചിലത് ചെയ്‌തേ പറ്റൂ. വിളകള്‍ക്ക് വിലയില്ലാത്തത് കര്‍ഷകരെയാകെ ദുരിതത്തിലാക്കുകയാണ്. വലിയവായില്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കി കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കണമെങ്കില്‍ പണം വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് തൊഴില്‍ ഉറപ്പാക്കി കൂലി നല്‍കണമെങ്കിലും പണം വേണം. ജനപ്രിയ പദ്ധതികള്‍ മറ്റെന്തെങ്കിലും നടപ്പാക്കണമെങ്കിലും വേണം പണം. നോട്ട് പിന്‍വലിച്ചപ്പോള്‍ പറഞ്ഞത്, കള്ളപ്പണമായി വിപണിയിലുള്ള നാല് മുതല്‍ അഞ്ച് ലക്ഷം കോടി രൂപയുടെ കറന്‍സി തിരികെ എത്തില്ലെന്നും അത്രയും തുക സര്‍ക്കാര്‍ ഖജനാവില്‍ അധികമായെത്തുമെന്നുമാണ്. ആ പണം വികസനപദ്ധതികള്‍ക്ക് ചെലവിടുമെന്നും. ഒന്നും സംഭവിച്ചില്ല. ആദായ നികുതിയിനത്തിലുള്ള വരവ് വര്‍ധിക്കുമെന്നും അന്ന് അവകാശപ്പെട്ടിരുന്നു. അതില്‍ ചെറിയ വര്‍ധനയുണ്ടായെങ്കിലും പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ വലിയ വരുമാനം ഉണ്ടായില്ല. ഏതാണ്ടെല്ലാ വിദേശരാജ്യങ്ങളും ഇക്കാലയളവില്‍ സന്ദര്‍ശിച്ച നരേന്ദ്ര മോദി, യാത്രാവസാനങ്ങളിലൊക്കെ രാജ്യത്തേക്ക് ഒഴുകാനിടയുള്ള സഹസ്ര കോടികളുടെ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അതും കാര്യമായുണ്ടായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് ലക്ഷം കോടി ഖജനാവിലെത്തിക്കുമെന്ന് ഓരോ വര്‍ഷവും പറഞ്ഞിരുന്നു. കഴിയാവുന്നത്ര വിറ്റുതുലച്ചെങ്കിലും ദാരിദ്ര്യം തീര്‍ക്കാന്‍ അത് മതിയായില്ല.

ഇനിയിപ്പോള്‍ പണം കണ്ടെത്താന്‍ ഒരൊറ്റ വഴിയേയുള്ളൂ. കരുതല്‍ ധനമായി റിസര്‍വ് ബേങ്ക് കൈവശം വെക്കുന്ന പണത്തില്‍ കൈവെക്കുക. അതില്‍ വലിയൊരു ഭാഗം സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുക. ഓരോ വര്‍ഷവും ഡിവിഡന്റായി വലിയ തുക റിസര്‍വ് ബേങ്ക് കേന്ദ്ര ഖജനാവിലേക്ക് നല്‍കാറുണ്ട്. അതിന് പുറമെയാണ് കരുതല്‍ ധനത്തിന്റെ ഭാഗം വേണമെന്ന ആവശ്യം. അതായത് വിത്ത് കുത്തി അരിയാക്കി ഊണുകഴിക്കേണ്ട അവസ്ഥയിലേക്ക് രാജ്യമെത്തി എന്ന് അര്‍ഥം. വളര്‍ച്ചയുടെ വലിയ കണക്കും സാമ്പത്തിക ശക്തിയായി വളരുന്നതിന്റെ അഭിമാനവും പങ്കുവെച്ചവര്‍ ചെലവിനായി കരുതല്‍ ധനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍, നാലര വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുവെന്നാണ് മനസ്സിലാക്കേണ്ടത്. 2008ല്‍ ലോകമാകെ സാമ്പത്തിക മാന്ദ്യത്തില്‍ അമര്‍ന്നപ്പോഴും പിടിച്ചു നിന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നാലരക്കൊല്ലം കൊണ്ട് ഈ അവസ്ഥയിലെത്തിച്ച ‘വൈദഗ്ധ്യ’ത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല തന്നെ.

പലിശ നിരക്കുള്‍പ്പെടെ ധനനയം നിശ്ചയിക്കാനുള്ള അധികാരത്തില്‍ കൈകടത്തിയപ്പോഴും തങ്ങളുടെ നിര്‍ദേശം തള്ളിക്കൊണ്ട് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോഴും വിധേയരായി നിന്ന റിസര്‍വ് ബേങ്കിന്, കരുതല്‍ ധനത്തില്‍ കൈവെക്കാനുള്ള ശ്രമം സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഹ്രസ്വകാലത്തെ നേട്ടം ലാക്കാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ദീര്‍ഘകാലത്തില്‍ ഉണ്ടാക്കാന്‍ ഇടയുള്ള അപകടത്തെക്കുറിച്ച് ചിന്തിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് ആര്‍ ബി ഐ തുറന്നുപറഞ്ഞു. ഇത്രയും കാലം മോദിയുടെ വാക്കിന് മറുവാക്കില്ലാതിരുന്ന ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പോലും തിരിഞ്ഞുനില്‍ക്കുന്നു. ഇനിയെങ്കിലും പ്രതിരോധിച്ചില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകരുമെന്ന് പരോക്ഷമായി രാജ്യത്തോട് പറയുകയാണ് ഊര്‍ജിത് പട്ടേല്‍.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സര്‍ക്കാറും തമ്മിലുള്ള അധികാരത്തര്‍ക്കമായി ഇതിനെ അവതരിപ്പിക്കാനാണ് സര്‍ക്കാറും സംഘ്പരിവാരവും പൊതുവില്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നയം അംഗീകരിക്കില്ലെങ്കില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രാജിവെച്ചുപോകണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. 2008 മുതല്‍ 2014 വരെ ബാങ്കുകള്‍ നിര്‍ലോഭം വായ്പകള്‍ നല്‍കിയപ്പോള്‍ നോക്കുകുത്തിയായി നിന്ന ആര്‍ ബി ഐയാണ് കിട്ടാക്കടം പെരുകിയതിനും സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനും ഉത്തരവാദിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തുന്നു. നാലര വര്‍ഷത്തെ ഭരണത്തിന് ശേഷം ഖജനാവില്‍ പണമില്ലാതെ വലയുന്ന ധനമന്ത്രിയ്ക്ക് ഉത്തരവാദിത്തം ആരുടെയെങ്കിലും ചുമലില്‍ ചാരിയേ മതിയാകൂ. പ്രതിസന്ധിയില്ല, അധികാരത്തര്‍ക്കം മാത്രമേയുള്ളൂവെന്ന് വരുത്തിത്തീര്‍ക്കേണ്ടതും അവരുടെ ആവശ്യമാണ്.