ഫണ്ട് പിരിക്കുക, മുക്കുക എന്നത് ലീഗിന്റെ പരമ്പരാഗത നയം; ഏഴ് അപേക്ഷകരുടേയും വിവരങ്ങള്‍ വെളിപ്പെടുത്താം: മന്ത്രി കെ ടി ജലീല്‍

Posted on: November 4, 2018 5:41 pm | Last updated: November 4, 2018 at 9:30 pm

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യവികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മാനദണ്ഡം ലംഘിച്ച് ബന്ധുവിനെ നിയമിച്ചെന്ന ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് മന്ത്രി കെടി ജലീല്‍. ബന്ധുവായല്ല, യോഗ്യതയുള്ള വ്യക്തിയെന്ന നിലയിലാണ് നിയമനം നടത്തിയതെന്ന് ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഡെപ്യൂട്ടേഷന്‍ വഴി ആളുകളെ നിയമിച്ചിട്ടുണ്ട്. ലീഗ് തെറ്റിദ്ധാരണ പരത്തുകയാണ്. ഏഴ് അപേക്ഷകരുടേയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്. വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടത് സ്ഥാപന മേധാവിക്ക് മാത്രമാണ്. ഫണ്ട് പിരിക്കുക, മുക്കുക, കടം വാങ്ങിയാല്‍ കൊടുക്കാതിരിക്കുക എന്നത് ലീഗിന്റെ പരമ്പരാഗത നയമാണ്. അത് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ലീഗ് രംഗത്ത് വരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ഉടന്‍ നടപടി തുടങ്ങും. എന്ത് തരത്തിലുള്ള പ്രക്ഷോഭം ലീഗ് നടത്തിയാലും സര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല കുഞ്ഞാലിക്കുട്ടി സാഹിബിനെ ഞാന്‍ തോല്‍പ്പിച്ച അന്നുമുതല്‍ ലീഗ് തന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പത്രങ്ങളിലൂടെ നല്‍കിയ അറിയിപ്പിനെ തുടര്‍ന്ന് അപേക്ഷിച്ച ഏഴുപേരില്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരാളെയാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്ന് നേരത്തെ ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷ ധനകാര്യകോര്‍പ്പറേഷനില്‍ നിന്ന് നല്‍കിയ വായ്പ, തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയതാണ് ആരോപണത്തിന് പിന്നില്‍. ഇങ്ങിനെ വായ്പാ കുടിശ്ശിക അന്വേഷിച്ച് പോകുമ്പോള്‍ ലീഗ് നേതാക്കളിലാണെത്തുന്നത്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി തിരിച്ചടക്കേണ്ടതില്ലെന്ന് പറഞ്ഞ് വരെ വായ്പ നല്‍കിയിട്ടുണ്ടെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ നോണ്‍ ബേങ്കിംഗ് ഫിനാന്‍സ് കമ്പനിയാണെങ്കിലും ആര്‍ ബി ഐ ലൈസന്‍സ് നേടിയിട്ടില്ല. ലോണ്‍ നടപടിക്രമങ്ങളിലും പഴയ രീതിയാണ് പിന്തുടരുന്നത്. ഇതില്‍ മാറ്റം വരുത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഒരു ധനകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളെ ജനറല്‍ മാനേജറായി നിയമിച്ചത്. അപേക്ഷ നല്‍കിയ ഏഴുപേരില്‍ കെ ടി അദീബിന് മാത്രമാണ് നിശ്ചിത യോഗ്യതയുണ്ടായിരുന്നത്.
ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയവും നിലവില്‍ ജോലി ചെയ്ത് വരുന്ന ഒരാളെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാണ് 2016 സെപ്തംബര്‍ 17 ന് പത്രങ്ങളില്‍ അറിയിപ്പ് നല്‍കി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് എം ബി എ അല്ലെങ്കില്‍ ബി ടെക് വിത് പി ജി ടി ബി എ/സി എസ്/സി എ/ഐ സി ഡബ്ല്യു എ ഐ യും മൂന്നുവര്‍ഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.
26ന് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നു പേര്‍ ഹാജരായെങ്കിലും നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാല്‍ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ആവശ്യമായി വന്നതിനാല്‍ നേരത്തെ നല്‍കിയ ഏഴു അപേക്ഷകള്‍ പരിശോധിച്ച് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് കാര്യങ്ങള്‍ അന്വേഷിച്ച ശേഷം ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയത്.
സ്റ്റാറ്റിയൂട്ടറി സ്ഥാപനം എന്ന നിലയില്‍ സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് നിയമനം നല്‍കിയത്. കെ എസ് എസ് ആര്‍ ഒന്‍പത് ബി വകുപ്പ് പ്രകാരം സര്‍ക്കാറിന് ഉചിതമെന്ന് കരുതുന്ന ആളെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വ്യവസ്ഥയുണ്ട്. ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിയുടെ അഡീഷനല്‍പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയിംസിനെ സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് നിയമിച്ചത്. പ്രാഥമിക സഹകരണ ബേങ്ക് സെക്രട്ടറിയായിരുന്ന ആളെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ന്യൂനപക്ഷധനകാര്യകോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്.
അപേക്ഷ നല്‍കിയവരില്‍ യോഗ്യതയുണ്ടായിട്ടും ആര്‍ക്കെങ്കിലും അവസരം നിഷേധിക്കപ്പെട്ടിരുന്നെങ്കില്‍ സ്വജനപക്ഷപാതം എന്ന ആരോപണം ഉന്നയിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ഒന്നും അന്യായമായി ചെയ്തിട്ടില്ല. ഒരു അന്വേഷണത്തിന്റെയും ആവശ്യവുമില്ല. നിയമനം റദ്ദാക്കേണ്ട സാഹചര്യവുമില്ല. ഏതെങ്കിലും ആളുകളെ അന്യായമായി നിയമിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്ഥാപനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനം നടന്നതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.