കുഞ്ഞന്‍ രൂപങ്ങളും പുസ്തകങ്ങളുമായി മിയാക്കോ അകായി

Posted on: November 4, 2018 4:56 pm | Last updated: November 4, 2018 at 4:56 pm

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശ്രദ്ധേയമായി. കുഞ്ഞന്‍ പുസ്തകങ്ങളുടെ നിര്‍മിതി. ജപ്പാനില്‍ നിന്നുള്ള മിയാക്കോ അകായിയാണ് ലോകത്തെ തന്നെ ഏറ്റവും ചെറിയ കുഞ്ഞന്‍ പുസ്തകങ്ങള്‍ ഒരുക്കുന്നതിന് പുസ്തകോത്സവ വേദിയില്‍ എത്തിയിട്ടുള്ളത്. മികച്ച രീതിയിലുള്ള മിനിയേച്ചര്‍ പുസ്തക നിര്‍മിതിയില്‍ ഇതിനോടകം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും മിയാക്കോ നേടിയിട്ടുണ്ട്. തന്റെ കരവിരുത് പുതു തലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സ വേദിയില്‍ മിയാക്കോ എത്തിയത്. പുസ്തകോത്സവ വേദിയിലെത്തുന്ന കുരുന്ന് സന്ദര്‍ശകര്‍ക്ക് കുഞ്ഞന്‍ പുസ്തക നിര്‍മാണത്തിനുള്ള പ്രത്യേക ശില്‍പശാലകളും മിയാക്കോ ഒരുക്കിയിട്ടുണ്ട്.

പേപ്പര്‍ തുണ്ടുകള്‍ കൊണ്ടാണ് കുഞ്ഞന്‍ പുസ്തക രൂപങ്ങള്‍ നിര്‍മിക്കുന്നത്. കുരുന്നുകളുടെ കുഞ്ഞു കൈ വിരലുകളില്‍ ഒതുങ്ങുന്ന ചെറു രൂപങ്ങളും പുസ്തകങ്ങളും മുപ്പത് മിനിറ്റുകള്‍ക്കുള്ളില്‍ നിര്‍മിച്ചെടുക്കാവുന്നതാണെന്ന് മിയാക്കോ പറയുന്നു. ജപ്പാനില്‍ പ്രൊഫെഷണല്‍ ആര്‍ക്കിടെക്റ്റായ മിയാക്കോ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് വളരെ ചെലവ് കുറഞ്ഞ രീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. അതോടൊപ്പം വ്യതിരിക്തമായ രീതിയില്‍ ശ്രദ്ധേയമായ വസ്തുക്കള്‍ നിര്‍മിക്കുന്നതിനെ കുറിച്ചും ആലോചിക്കുകയുണ്ടായി. ഈ ആലോചനയാണ് കുഞ്ഞന്‍ പുസ്തകങ്ങളുടെയും ചെറു രൂപങ്ങളുടെയും നിര്‍മിതിയിലേക്ക് തന്നെ എത്തിച്ചതെന്ന് മിയാക്കോ പറഞ്ഞു.

താന്‍ നേടിയെടുത്ത അറിവുകള്‍ പുതു തലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് തന്റെ ശ്രമം. അമേരിക്കന്‍ മിനിയേച്ചര്‍ ബുക്ക് സൊസൈറ്റി കോക്ലേവ്, ഹോങ്കോങ് ആര്‍ട് ബുക്ക് ഫെയര്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. പ്രത്യേകമായ സ്വയം ഡിസൈന്‍ ചെയ്ത രൂപങ്ങളുടെ കാറ്റലോഗില്‍ നിന്നാണ് കുഞ്ഞന്‍ രൂപങ്ങളുണ്ടാകുന്നതിനുള്ള പേപ്പറുകള്‍ തയാറാക്കുന്നത്. ഇവ ആവശ്യമായ രീതിയില്‍ വെട്ടിയെടുത്തു കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ശില്‍പശാലകളാണ് പുസ്തകോത്സവ വേദിയില്‍ ഒരുക്കിയിട്ടുള്ളത്. ഹാള്‍ നമ്പര്‍ ഏഴില്‍ കുരുന്നുകള്‍ക്കായി തയാറാക്കിയിട്ടുള്ള കിഡ്സ് കോര്‍ണറിലാണ് മിയാക്കോയുടെ ശില്പശാല. പ്രവേശനം തികച്ചും സൗജന്യമാണ്.