Connect with us

Articles

കര്‍ണാടകയില്‍ കാര്യങ്ങള്‍ പഴയത് പോലെയല്ല

Published

|

Last Updated

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പിന് ആരവമുയര്‍ന്ന നാള്‍ മുതല്‍ ബി ജെ പി പാളയത്തിലുണ്ടായ വേവലാതികള്‍ക്ക് കനത്ത ആഘാതമുണ്ടാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രം ശേഷിക്കെ പാര്‍ട്ടി സ്ഥാനാര്‍ഥി ബി ജെ പിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ സംഭവം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയില്‍ ഒഴിവുള്ള മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ബി ജെ പി പ്രതീക്ഷിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിര. കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് ആദ്യം രംഗത്ത് വന്നതും പാര്‍ട്ടി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയായിരുന്നു.
പ്രചാരണരംഗത്ത് അത്രയൊന്നും സജീവമാകാത്ത ബി ജെ പിക്ക് രാമനഗര നിയമസഭാ മണ്ഡലത്തില്‍ അവസാന നിമിഷം കനത്ത തിരിച്ചടി നേരിട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടിനുദാഹരണമാണ്. ഇവിടത്തെ ബി ജെ പി സ്ഥാനാര്‍ഥി എല്‍ ചന്ദ്രശേഖര്‍ ബി ജെ പിയുടെ നിലപാടുകളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് സ്ഥാനാര്‍ഥിക്കുപ്പായം അഴിച്ച് താഴെ വെച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതാണ് കര്‍ണാടക രാഷ്ട്രീയത്തെ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. ഇതുവരെയും ഉണ്ടാകാത്ത സ്ഥിതിവിശേഷത്തിനാണ് ഈ സംഭവത്തോടെ കര്‍ണാടക രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. രാമനഗരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ ഒരു മാസം മുമ്പാണ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതെന്നത് മറ്റൊരു വസ്തുത.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുഘട്ടത്തില്‍ പോലും ചന്ദ്രശേഖറിന് വേണ്ടി രംഗത്ത് വരാന്‍ ബി എസ് യെദ്യൂരപ്പ അടക്കമുള്ള പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ തയ്യാറാകാത്തതാണ് ചന്ദ്രശേഖറിനെ ചൊടിപ്പിച്ചതെന്ന് പറയുന്നതായിരിക്കും ശരി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ പതിവായി നിയമസഭയിലെത്തിക്കുന്ന മണ്ഡലമെന്ന നിലയില്‍ രാമനഗര മണ്ഡലത്തിന് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഇവിടെ താമര വിരിയിക്കാന്‍ ബി ജെ പി നടത്തിവരുന്ന അടവുകളൊന്നും ഫലം കണ്ടിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുമാരസ്വാമിക്ക് 92,626 വോട്ടാണ് ലഭിച്ചിരുന്നത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 69,990 വോട്ടും ബി ജെ പിക്ക് 4871 വോട്ടും ലഭിച്ചു. രാമനഗരയില്‍ വിയര്‍പ്പൊഴുക്കിയിട്ട് കാര്യമില്ലെന്ന തിരിച്ചറിവാണ് ബി ജെ പി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങുന്നതില്‍ നിന്നും നേതൃത്വത്തെ പിറകോട്ട് വലിച്ചത്. ഇതിന് ചന്ദ്രശേഖര്‍ അതേ നാണയത്തില്‍ തന്നെ മറുപടിയും കൊടുത്തു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബലിയാടാക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ബി ജെ പി നേതൃത്വം ചന്ദ്രശേഖറിന്റെ കാര്യത്തില്‍ നടത്തിയത്. പാര്‍ട്ടിയോടുള്ള ചന്ദ്രശേഖറിന്റെ അസംതൃപ്തി മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാവ് ഡി കെ സുരേഷും കൂട്ടരും അദ്ദേഹത്തെ സ്വന്തം പാളയത്തിലേക്ക് വീണ്ടും തിരികെയെത്തിക്കാന്‍ നടത്തിയ നീക്കവും ഫലം കണ്ടു. ബി ജെ പിക്ക് വലിയ വേരോട്ടമില്ലാത്ത മണ്ഡലമാണ് രാമനഗര.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനാര്‍ഥി തന്നെ ഇല്ലാതായതിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെയും ബി ജെ പി നേതൃത്വം മുക്തമായിട്ടില്ല. ചന്ദ്രശേഖറിന്റെ കോണ്‍ഗ്രസിലേക്കുള്ള മടക്കം മാണ്ഡ്യ, ബെല്ലാരി, ശിവമൊഗ്ഗ ലോക്‌സഭാ സീറ്റുകളിലേക്കും ജാമഖണ്ഡി നിയമസഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ബി ജെ പിയെ അലട്ടുന്നുണ്ട്. മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി യെദ്യൂരപ്പ കമ്മീഷനെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് പതിവ് നടപടിക്രമങ്ങളോടെ നടക്കുമെന്ന മറുപടിയാണ് ലഭിച്ചത്. രാമനഗരയില്‍ അനിതക്ക് കാര്യമായ എതിരാളിയില്ലാതായതോടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.
ചന്ദ്രശേഖര്‍ പാര്‍ട്ടി വിട്ടതിനെതിരെ രാമനഗര ബി ജെ പിയില്‍ പ്രശ്‌നം രൂക്ഷമായിട്ടുണ്ട്. മന്ത്രി ഡി കെ ശിവകുമാര്‍ കോടികള്‍ നല്‍കിയാണ് ചന്ദ്രശേഖറിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആരോപണം.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കാഴ്ച വെച്ചത്. ഈ സാഹചര്യത്തില്‍ മേധാവിത്വം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ബി ജെ പിക്കും മണ്ഡലങ്ങളില്‍ ജയിച്ചുകയറേണ്ടത് അനിവാര്യമാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക്‌സഭാ സീറ്റുകളിലും ജയിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പിനെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനും അമിത്ഷാ തന്ത്രം വീണ്ടും സംസ്ഥാനത്ത് പ്രയോഗിക്കാനുമുള്ള ഊര്‍ജം ബി ജെ പിക്ക് ലഭിക്കും. എന്നാല്‍, സമീപനാളില്‍ പുറത്തുവന്ന സര്‍വേ ഫലത്തില്‍ പിടിച്ചാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ മുന്നോട്ട് പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനത്തില്‍ പാര്‍ട്ടി നല്ല പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.
ഏതായാലും ഉപതിരഞ്ഞെടുപ്പ് ഫലം കര്‍ണാടക രാഷ്ട്രീയത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മണ്ഡലങ്ങള്‍ ആരെ തുണക്കുമെന്നറിയാന്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.