ഖുര്‍ആന്‍ പ്രചരിപ്പിക്കുന്നത് വിശ്വോത്തര സാഹിത്യം: കാന്തപുരം

Posted on: November 2, 2018 4:04 pm | Last updated: November 2, 2018 at 4:04 pm

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മീറ്റ് ദി സ്‌കോളര്‍ പരിപാടി പ്രാസ്ഥാനിക രംഗത്തെ കരുത്തു തെളിയിക്കുന്ന സമ്മേളനമായി മാറി.
പരിപാടി ആരംഭിക്കുന്നതിന് മുന്‍പ് ആഴ്ച്ചാവധി ആരംഭിക്കുന്ന ദിനമായിട്ടും നൂറ് കണക്കിന് ആസ്വാദകരാണ് പ്രഭാഷണം ശ്രവിക്കുന്നതിന് എത്തിച്ചേര്‍ന്നത്. സാഹിത്യത്തെയും നാഗരികതയുടെ നിര്‍മിതിയില്‍ ഇസ്‌ലാമിനുള്ള പങ്കും അദ്ദേഹം ഹൃദ്യമായി സദസിനോട് പങ്ക് വെച്ചു. വിശ്വോത്തര സാഹിത്യമായ ഖുര്‍ആനെ സംഭാവന ചെയ്ത മതമാണ് ഇസ്ലാം. ഖുര്‍ആന്റെ സാഹിത്യത്തോട് കിടപിടിക്കുന്ന യാതൊന്നും ഭൂലോകത്തില്ല. വായിക്കുക, പാരായണം ചെയ്യുക എന്ന പ്രഖ്യാപനത്തോടെയാണ് ഖുര്‍ആന്‍ അതിന്റെ വൈജ്ഞാനിക പ്രയാണം ആരംഭിച്ചത്. ഖുര്‍ആന്‍ പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും മികച്ച രീതിയിലുള്ള വായനയുടെ പരിപോഷണമാണ്. ഉന്നത വായനയിലൂടെ ബുദ്ധിയുടെ വികാസം സാധ്യമാക്കി സാഹിത്യത്തെ കൂടുതല്‍ അടുത്തറിയുവാന്‍ ഖുര്‍ആന്‍ പ്രേരിപ്പിക്കുന്നുണ്ട്. മികച്ച സാഹിത്യ രചനകളിലൂടെ മാത്രമേ ചരിത്രത്തിന്റെ യാഥാര്‍ഥ്യങ്ങളെ നിലനിര്‍ത്താന്‍ കഴിയുകയുള്ളു. ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ കടന്ന് വരവിനെ കുറിച്ച് താന്‍ അറബിയില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമിക്ക് അതിന്റെ ഒരു പകര്‍പ് സമ്മാനിക്കാന്‍ കഴിഞ്ഞു.

ഇസ്ലാമിന്റെ ചരിത്രത്തില്‍ ഒരുപാട് കെട്ടുകഥകള്‍ കയറി കൂടിയിട്ടുണ്ട്. തന്റെ രചനയില്‍ കെട്ടുകഥകള്‍ പാടെ മാറ്റി നിര്‍ത്തി യഥാര്‍ഥ ചരിത്ര വായനക്ക് വേണ്ടി വസ്തുതകളും രേഖകളും സമര്‍പിച്ചാണ് കൃതി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇസ്ലാമിക ചരിത്രത്തില്‍ കെട്ടുകഥകളെ കൂട്ടിച്ചേര്‍ത്തവരാണ് ഭീകര വാദത്തിനും തീവ്രവാദത്തിനും വേണ്ടി ശബ്ദിക്കുന്നത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം മികച്ചതും തെളിമയാര്‍ന്നതുമായ വായനയെ പ്രോത്സാഹിപ്പിക്കും വിധമാണ് സാഹിത്യത്തിന്റെ ഇഷ്ട തോഴനായ ഷാര്‍ജാ ഭരണാധികാരി സംവിധാനിച്ചിട്ടുള്ളത്. പുസ്തകോത്സവത്തില്‍ നിന്ന് ലോകോത്തരമായ രചനകള്‍ തിരഞ്ഞെടുത്ത് വായനയെ സമ്പുഷ്ടമാക്കണമെന്ന് കാന്തപുരം പറഞ്ഞു.

കേരളാ ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളാ ഹജ്ജ് കമ്മറ്റി ചെയര്‍മാനും മര്‍കസ് ജനറല്‍ മാനേജറുമായ സി മുഹമ്മദ് ഫൈസി, സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് എക്‌സിക്യൂടീവ് മോഹന്‍ കുമാര്‍, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഖാസിം ഇരിക്കൂര്‍, മുഹമ്മദ് മാസ്റ്റര്‍ കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.