രാമക്ഷേത്രം: ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ്

Posted on: November 2, 2018 3:12 pm | Last updated: November 2, 2018 at 5:37 pm

മുംബൈ: രാമക്ഷേത്രത്തിനായി ആവശ്യമെങ്കില്‍ 1992ലേതുപോലുള്ള പ്രക്ഷോഭം നടത്തുമെന്ന് ആര്‍എസ്എസ്. ഇതിനായി ഇനിയും അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആര്‍എസ്എസ് സര്‍ കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുരേഷ് ജോഷി സംഘടനാ നിലപാടറിയിച്ചിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ഓര്‍ഡിനന്‍സ് കൊണ്ടുവരണം. അല്ലെങ്കില്‍ 1992 ആവര്‍ത്തിക്കുമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.