Connect with us

Kerala

റിയാസ് മൗലവി വധം: ഒമ്പത് സാക്ഷികളെ കൂടി കൂട്ടിച്ചേര്‍ത്തു; വിചാരണ മൂന്നിന് പുനരാരംഭിക്കും

Published

|

Last Updated

കാസര്‍കോട്: പഴയ ചൂരി മുഹ്‌യിദ്ദീന്‍ ജുമുഅ മസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിലെ വിചാരണ ഈ മാസം മൂന്നിന് പുനരാരംഭിക്കും. കേസില്‍ പുതുതായി ഒമ്പത് സാക്ഷികളെ കൂടി പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 100 സാക്ഷികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്. ഇതോടെ സാക്ഷികളുടെ എണ്ണം 109 ആയി. കഴിഞ്ഞ മാസം എട്ടിനായിരുന്നു കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ആരംഭിച്ചത്.
വിചാരണയില്‍ എട്ട് സാക്ഷികളെ വിസ്തരിച്ചു. പിന്നീട് സഹോദരന്റെ മരണത്തെ തുടര്‍ന്ന് ജില്ലാ ജഡ്ജ് മനോഹര്‍ കിണി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവെച്ചത്.

നേരത്തെ നടന്ന വിചാരണയില്‍ മൂന്നാം സാക്ഷിയായ മുന്‍ ഗള്‍ഫുകാരന്‍ ചൂരിയിലെ ടി എം അബ്ദുല്‍ ഹമീദ്, ഒന്നാം പ്രതി കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), മൂന്നാം പ്രതി കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. കൊല നടത്തുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന പാന്റും മുണ്ടും ഷര്‍ട്ടുകളും ഇവരെത്തിയ ബൈക്കും സാക്ഷി തിരിച്ചറിഞ്ഞു.
കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി ഒപ്പമുണ്ടായിരുന്നവരെയും കത്തി കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയുമാണ് തുടര്‍ന്ന് വിസ്തരിക്കുക.

Latest