Connect with us

Articles

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍

Published

|

Last Updated

ഈ നൂറ്റാണ്ടില്‍ കൂടുതല്‍ പേരും കാണാന്‍ ആഗ്രഹിക്കുന്നത് 153 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഹെനാനിലെ ബുദ്ധന്റെ സ്പ്രിംഗ് ടെംബിള്‍ ആണ്. അതിനുമുമ്പ് ലോക റിക്കാര്‍ഡ് 93 മീറ്റര്‍ ഉയരമുള്ള അമേരിക്കയില്‍ ന്യൂയോര്‍ക്കിലുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയായിരുന്നു. എന്നാല്‍, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ – 182 മീറ്റര്‍ – സ്റ്റാറ്റിയൂ ഓഫ് യൂനിറ്റി എന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ പ്രതിമയാണ്. ഗുജറാത്തിലെ നര്‍മദാ നദിക്കരയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപത്തെ സാധുബേട് ദ്വീപില്‍ 2900 കോടി രൂപ ചെലവില്‍ പണിതീര്‍ത്ത ഈ പ്രതിമയായിരിക്കും ലോകത്തേറ്റവും വലുപ്പമുള്ളതും ഉയരമേറിയതുമായ പ്രതിമ. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയവും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.

അധികാരകൈമാറ്റം ഒരു യാഥാര്‍ഥ്യമാക്കേണ്ടിവന്ന സാഹചര്യത്തിലാണ് 1946 സെപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ താത്കാലിക സര്‍ക്കാര്‍ ഉണ്ടാക്കിയത്. നെഹ്‌റു ആ സര്‍ക്കാറില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇത് പ്രധാനമന്ത്രി പദത്തിന് തുല്യമായ ഒന്നായിരുന്നുതാനും. നെഹ്‌റുവിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വേവല്‍പ്രഭു ക്ഷണിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ നെഹ്‌റു ആയിരുന്നതിനാലാണ്. മഹാത്മാഗാന്ധിയുടെ ശക്തിയായ ഇടപെടല്‍ മൂലമാണ് നെഹ്‌റുവിനെ പ്രസിഡന്റ് ആക്കിയത്. പക്ഷേ കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും പട്ടേലിനെയാണ് പിന്തുണച്ചിരുന്നത്.
ഗാന്ധിജിക്ക് എന്നും നെഹ്‌റുവിനോട് ഒരു പ്രതേ്യക വാത്സല്യം ഉണ്ടായിരുന്നു. ഈ വാത്സല്യം ജവഹര്‍ലാലിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി മാറ്റി. ഇതില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഭാഗധേയം പട്ടേലിന്റെ കൈവശമാകുമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അണികളിലും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിലും പട്ടേലിന് സുനിശ്ചിതമായി വിജയിക്കാന്‍ തക്ക അംഗബലവും പ്രാബല്യവും സ്വാധീനവും ഉണ്ടായിരുന്നു. 1875 ഒക്‌ടോബര്‍ 31ന് ഗുജറാത്തിലെ നടിയാട് ഗ്രാമത്തില്‍ ജാവര്‍ഭായി പട്ടേലിന്റെയും ലഡ്ഭായിയുടേയും മകനായി ജനിച്ച വല്ലഭഭായി പട്ടേല്‍ ലെവാപട്ടിദാര്‍ സമുദായാംഗമായിരുന്നു. കാര്‍ഷികവൃത്തിയില്‍ വ്യാപൃതനായിരുന്ന അദ്ദേഹം 1857ലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. നടിയാട് സ്‌കൂളില്‍ നിന്ന് 1897 ല്‍ മെട്രിക്കുലേഷനും തുടര്‍ന്നൊരു നിയമബിരുദവും നേടി. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുണ്ടായിരുന്ന ഖേഡ ജില്ലയിലെ ബോര്‍ഡാറില്‍ 1902 ല്‍ സ്ഥിരവാസമായി. 1910 ല്‍ ഇംഗ്ലണ്ടില്‍ പോയി മിഡ്ഡില്‍ ടെംബിളില്‍ ചേര്‍ന്നു. റോമന്‍ നിയമത്തില്‍ മികവിനുള്ള പ്രതേ്യക സമ്മാനം നേടിയ ബാരിസ്റ്റര്‍ വല്ലഭഭായിയെ മൂന്ന് വര്‍ഷത്തിനു പകരം രണ്ട് വര്‍ഷം കൊണ്ട് പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ ബാരിസ്റ്റര്‍ അഹമ്മദാബാദിലായിരുന്നു പ്രാക്ടീസ് ആരംഭിച്ചത്.
മഹാത്മാഗാന്ധിയുടെ പോരാട്ടം വല്ലഭഭായിയെ ആകര്‍ഷിച്ചു. 1917ല്‍ അഹമ്മദാബാദിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1924 മുതല്‍ 28 വരെ മുന്‍സിപ്പല്‍ കമ്മിറ്റി അധ്യക്ഷനുമായി. 1917ലെ പ്ലേഗിന്റെ വേളയിലും 1918 ലെ ക്ഷാമകാലത്തും അദ്ദേഹം ചെയ്ത സേവനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചിരുന്ന ഗുജറാത്തി സഭയുടെ സെക്രട്ടറിയായി 1917 ല്‍ തന്നെ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1917-22 കാലഘട്ടം റൗലറ്റ് ആക്ട്, ഖിലാഫത്ത് തുടങ്ങിയവയുടെ കാലമായിരുന്നു. ഇക്കാലത്തെ രാഷ്ട്രീയ സമരങ്ങളില്‍ പട്ടേല്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 22 ശതമാനം മുതല്‍ 60 ശതമാനം വരെ നികുതി വര്‍ധനവ് നടപ്പിലാക്കിയ ബര്‍ദോളി താലൂക്കിലെ നികുതി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയത് പട്ടേലിന്റെ ജീവിതത്തിലെ സുവര്‍ണ കാലത്തായിരുന്നു. എണ്‍പതിനായിരം വരുന്ന കര്‍ഷകരുടെ പ്രശ്‌നമാണ് പട്ടേല്‍ ബര്‍ദോളിയില്‍ ഉയര്‍ത്തിയത് (1928). പൊതു ജനസമരത്തിന് മുന്നില്‍ മുട്ടു മടക്കേണ്ടിവന്ന അധികാരികള്‍ പട്ടേലിന് അടിയറവ് പറഞ്ഞു. ഈ സമരമാണ് വല്ലഭഭായി പട്ടേലിന് സര്‍ദാര്‍ സ്ഥാനംനേടിക്കൊടുത്തത്.

പൂര്‍ണസ്വരാജ് പ്രഖ്യാപിത ലക്ഷ്യമായി പ്രസ്താവിച്ച കോണ്‍ഗ്രസ് സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിച്ചു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിനു മുമ്പു തന്നെ സര്‍ദാറിനെ തടവിലാക്കി- ദണ്ഡി മാര്‍ച്ചിനു മുമ്പെ തന്നെ-ഗാന്ധിജിയും നെഹ്‌റുവും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം തടവിലായി. 1931 മാര്‍ച്ചില്‍ നടന്ന 46-ാം കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷന്‍ സര്‍ദാര്‍ പട്ടേലായിരുന്നു. കോണ്‍ഗ്രസ് സമ്മേളനം ആരംഭിച്ച ദിവസം തന്നെയായിരുന്നു ഭഗത് സിംഗ് അടക്കമുള്ളവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. ഗാന്ധി- ഇര്‍വിന്‍സന്ധി അംഗീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇര്‍വിനുമായുളള സന്ധിയെ നെഹ്‌റുവും സുഭാഷ്ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള യുവതുര്‍ക്കികളും എതിര്‍ത്തു. ഗാന്ധിജി ഉണ്ടാക്കിയതായിരുന്നതിനാല്‍ എല്ലാവരുമത് അംഗീകരിക്കുകയും സിവില്‍ ആജ്ഞാലംഘനം നിര്‍ത്തിവെക്കുകയും ചെയ്തു. വട്ടമേശ സമ്മേളനങ്ങള്‍ വിളിക്കാനും അതില്‍ പങ്കെടുക്കുന്നതിനുവേണ്ടി എല്ലാ നേതാക്കളേയും ജയില്‍ മുക്തരാക്കുന്നതിനും ബ്രീട്ടീഷുകാര്‍ സമ്മതിച്ചിരുന്നു.

വട്ടമേശ സമ്മേളനം പരാജയപ്പെടുമെന്ന് എല്ലാവര്‍ക്കും മുന്‍കൂട്ടി അറിയാമായിരുന്നു. ഇതിനെ തുടര്‍ന്ന് ഗാന്ധിജിയടക്കമുള്ള അഖിലേന്ത്യാ നേതാക്കളെല്ലാം വീണ്ടും ജയിലിലായി. ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും യേര്‍വാദ ജയിലിലായിരുന്നു 16 മാസക്കാലം. (ജനുവരി 1932 മുതല്‍ മെയ് 1933 വരെ) ഗാന്ധിജിയെ അടുത്തറിയുന്നതിന് വല്ലഭഭായി പട്ടേലിനു ലഭിച്ച 16 മാസങ്ങളായിരുന്നു അത്.
1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യക്ക് സ്വയം ഭരണാവകാശം ലഭിക്കുമെന്നായി. പതിനൊന്നില്‍ ഏഴ് പ്രവിശ്യകളില്‍ കോണ്‍ഗ്രസ് വിജയിക്കുകയും മന്ത്രിസഭകള്‍ ഉണ്ടാക്കുകയും ചെയ്തു. പാര്‍ലിമന്ററി പാര്‍ട്ടി സബ്കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഈ പ്രവിശ്യാഭരണത്തെ പട്ടേല്‍ നയിച്ചു.
എന്നാല്‍, രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും 1939 സെപ്തംബര്‍ മൂന്നിന് ബ്രിട്ടണ്‍ ജര്‍മനിയോട് യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്തപ്പോള്‍ എല്ലാ കോണ്‍ഗ്രസ് മന്ത്രിസഭകളും രാജിവെച്ചു. കോണ്‍ഗ്രസിനോടാലോചിക്കാതെ ഇന്ത്യ യുദ്ധത്തില്‍ ബ്രിട്ടന്റെ ഭാഗത്താണ് എന്നുള്ള വൈസ്രോയിയുടെ പ്രഖ്യാപനമായിരുന്നു ഇതിന് ഹേതു. ഇത്തരം ഒരു സമീപനം ഗാന്ധിജിയെ സമരത്തിലേക്ക് വീണ്ടും തള്ളിവിട്ടു. കോണ്‍ഗ്രസ് നേതാക്കളെല്ലാം തടവിലായി. 1940 നവംബറില്‍ തടവിലായ പട്ടേല്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ 1941 ആഗസ്റ്റില്‍ മോചിതനായി. 1942 ആഗസ്റ്റില്‍ വീണ്ടു തടവിലാക്കി. ഇന്ത്യ വിടുക പ്രക്ഷോഭത്തിന്റെ ഭാഗമായി. അഹമ്മദ്‌നഗര്‍ കോട്ടയില്‍ പട്ടേല്‍ മൂന്ന് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു.

ലോകമഹായുദ്ധം അവസാനിച്ചതോടെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബ്രിട്ടണ്‍ ബാധ്യസ്ഥരായി. ചര്‍ച്ചില്‍ തോറ്റതും അധികാര കൈമാറ്റത്തിന് വേഗതകൂട്ടി. അധികാര കൈമാറ്റ ചര്‍ച്ചകളില്‍ അനിഷേധ്യമായ സ്ഥാനമായിരുന്നു പട്ടേലിന്. കോണ്‍ഗ്രസില്‍ പട്ടേലിന്റെ സ്ഥാനം അദ്വിതീയമായിരുന്നുതാനും.
ആഭ്യന്തരവകുപ്പ് മന്ത്രിയെന്ന നിലയിലും പ്രഥമ ഉപപ്രധാനമന്ത്രിയെന്ന നിലയിലും സര്‍ദാര്‍ 562 നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചത് ആധുനിക ചരിത്രത്തിലെ ഒരു രക്ത രഹിതവിപ്ലവമാണ്. ജനാധിപത്യം സാക്ഷാത്കരിക്കുന്നതിലും നാട്ടുരാജ്യങ്ങളെയെല്ലാം യോജിപ്പിക്കുന്നതിലും സഹായിയായി വി പി മേനോന്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍ദാര്‍ പട്ടേലിന്റെ നിര്‍ണായക പങ്ക് നിസ്തുലമാണ്. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചത് നെഹ്‌റുവായിരുന്നു. ജുണഗഢിലും ഹൈദരാബാദിലും പട്ടേല്‍ പട്ടാളത്തെ അയച്ചു അനുനയിപ്പിച്ചു. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. ജനാധിപത്യത്തിന്റെ കാവല്‍ടഭടന്മാരായി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉണ്ടാക്കിയതും അതിന് ഉരുക്കു ചട്ടക്കൂട് വാര്‍ത്തെടുത്തതും സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകളില്‍ പെടും. കോണ്‍ഗ്രസിന് ഒരു പുനര്‍നിര്‍മാണ പദ്ധതി ഗാന്ധിജി നല്‍കിയത് പ്രാവര്‍ത്തികമാക്കാനുള്ള ദൗത്യം സര്‍ദാര്‍ വല്ലഭഭായി പട്ടേലിനായിരുന്നു.
പാര്‍ട്ടിയുടെ മേലുള്ള സര്‍ദാറിന്റെ സ്വാധീനം അലംഘനീയമായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ ആയിരുന്നുവെങ്കിലും 1946 മുതല്‍ 1952 വരെയെങ്കിലും പട്ടേല്‍ ഉയര്‍ത്തിപ്പിടിച്ച അന്തഃസത്ത നെഹ്‌റുവിന് കാത്തുസൂക്ഷിക്കേണ്ടിവന്നു. അനാരോഗ്യം പട്ടേലിനെ തളര്‍ത്തി. അദ്ദേഹം 1950 ഡിസംബര്‍ 15ന് അന്തരിച്ചു. 1909 ല്‍ ഭാര്യ സാവേര്‍ബായി മരിച്ചതിനുശേഷമുള്ള പട്ടേലിന്റെ കാലം ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദന കാലവും രാഷ്ട്ര പുനര്‍നിര്‍മാണ കാലവുമായിരുന്നു.

Latest