അമിത് ഷായുടെ കളി കേരള മണ്ണില്‍ നടക്കില്ല: മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടേത് ശക്തമായ നിരീക്ഷണം

Posted on: October 29, 2018 6:55 pm | Last updated: October 29, 2018 at 8:30 pm

കൊച്ചി: ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാക്ക് പല ആഗ്രഹങ്ങളും കാണും. പക്ഷേ, അതിന് പറ്റിയ മണ്ണല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റേയും അയ്യന്‍കാളിയുടേയും ചട്ടമ്പി സ്വാമികളുടെയും നാടാണിത്. അമിത് ഷായുടെ കളി കേരള മണ്ണില്‍ നടക്കില്ല. ഉത്തരേന്ത്യന്‍ ആശയങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. ഇവിടെ കലാപമുണ്ടാക്കാനാണ് അമിത് ഷാ വരുന്നത്.

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടേത് ശക്തമായ നിരീക്ഷണമാണ്. ശബരിമല ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആരാധനാലയമല്ല. ശബരിമലയെ ലക്ഷ്യം വെക്കുന്നത് നാടിനെ പിന്നോട്ടടിക്കാനാണ്. ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ആശങ്ക വേണ്ട. പൂര്‍ണ സുരക്ഷ ഒരുക്കും. വിശ്വാസികളെയല്ല അക്രമികളെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ശബരിമല കലാപ ഭൂമിയാക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. വിശ്വാസികള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. ബിജെപിയിലേക്ക് ചേക്കേറാനുള്ള ഇടത്താവളമായി കോണ്‍ഗ്രസ് മാറി. ജി രാമന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന്റെ പാപ്പരത്വമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.