ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന് പ്രൗഢ തുടക്കം

Posted on: October 27, 2018 4:29 pm | Last updated: October 27, 2018 at 4:29 pm
SHARE

ദുബൈ: ദുബൈ നിവാസികളെ കൂടുതല്‍ ആരോഗ്യബദ്ധരും ഊര്‍ജസ്വലരുമാക്കി തീര്‍ക്കുന്നതിന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചു.
30 ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടികള്‍. പ്രധാന സെഷന്‍ ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലാണ് ആരംഭിച്ചത്. പ്രത്യേക വ്യായാമ ക്ലാസുകളോടെയായിരുന്നു ഇത്. ക്ലൈമ്പിങ് വാള്‍, ടേബിള്‍ ടെന്നീസ്, സുംബാ ഡാന്‍സ്, ക്രോസ് ബാര്‍ ചലഞ്ച്, ട്രെഡ് വാള്‍ എന്നിവ പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടികളുടെ അവസാനം പ്രത്യേക കരിമരുന്ന് പ്രയോഗവും ഒരുക്കിയിരുന്നു. 3,000 പ്രധാന ഫിറ്റ്‌നസ് സെഷനുകള്‍, 40 പ്രധാന പരിപാടികളിലായി തയാറാക്കിയിട്ടുണ്ട്.കൈറ്റ് ബീച്ചില്‍ രാവിലെ എട്ട് മുതല്‍ പത്തു വരെയുള്ള നീന്തല്‍ പരിപാടികള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രത്യേക മത്സരങ്ങളും പരിപാടികളും എന്നിവ ഫിറ്റ്‌നസ് ചലഞ്ച് പരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അടുത്ത മാസം 24നാണ് സമാപനം. ബുര്‍ജ് പാര്‍ക്കില്‍ നവംബര്‍ 23,24 തീയതികളില്‍ സമാപന പരിപാടികള്‍ നടക്കും. ദുബൈയിലെ താമസക്കാര്‍ക്ക് ഫിറ്റ്‌നസ് ചലഞ്ചു വ്യായാമങ്ങളില്‍ ഭാഗമാകുന്നതിനായി വ്യായാമ മുറകള്‍ക്ക് വെല്ലുവിളിച്ചു ശൈഖ് ഹംദാന്‍ എസ് എം എസ് അയച്ചു. ഫിറ്റ്‌നസ് ചലഞ്ചില്‍ ഭാഗമാകുന്നതിന് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു എന്ന സന്ദേശമാണ് ശൈഖ് ഹംദാന്‍ അയച്ചത്.
ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് താരവും ദുബൈ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ ഷാരൂഖ് ഖാനും തന്റെ സാമൂഹിക മാധ്യമ അകൗണ്ടുകളില്‍ പ്രത്യേക വീഡിയോ പുറത്തു വിട്ടു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ പദ്ധതിയായ ദുബൈ നഗരത്തെ അതിവിശിഷ്ട നഗരമാക്കി തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ച് ദുബൈ നിവാസികളെ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു. 30 ദിവസങ്ങള്‍, 30 മിനുറ്റ്. ഞാന്‍ ഉണ്ടാകും, നിങ്ങളോ? എന്ന വാചകത്തോടെയുള്ള വീഡിയോ ചിത്രീകരണമാണ് ഷാരൂഖ് ഖാന്‍ പുറത്തു വിട്ടത്. രാജ്യത്തെ മൊബൈല്‍ നെറ്റ്വര്‍ക്കുകളായ ഇത്തിസാലാത്, ഡു എന്നിവ ഇന്നലെ രാവിലെ മുതല്‍ ചലഞ്ചു അക്സെപ്റ്റഡ് എന്ന ശീര്‍ഷകത്തില്‍ നെറ്റ്‌വര്‍ക്ക് സേവനം ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here